ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ക്ഷണിച്ച് കറാച്ചി സ്വദേശിനി. കരൾ രോഗം ബാധിച്ച പാക് പൗരന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കാൻ സുഷമ വീസ അനുവദിച്ചതിനെ തുടർന്നായിരുന്നു കറാച്ചിക്കാരിയായ ഹിജാബ് അസിഫിന്റെ പ്രശംസാ വാക്കുകൾ. “താങ്കൾ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ഈ രാജ്യത്തിന് മാറ്റമുണ്ടായെനേ’-ഹിജാബ് അസിഫ് ട്വിറ്ററിൽ കുറിച്ചു.
രോഗബാധിതനായ ഷബഹാത് അബ്ബാസ് താഖ്വിക്ക് ഇന്ത്യയിൽ അടിയന്തര വൈദ്യചികിത്സ ലഭ്യമാക്കണമെന്ന് സുഷമയോട് ട്വിറ്ററിലൂടെ ഹിജാബ് അഭ്യർഥിച്ചിരുന്നു. രോഗിയുടെ ആരോഗ്യനില ബോധിപ്പിച്ച് ഇസ്ലാമാബാദിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് താങ്കളാണെന്ന്(സുഷമ സ്വരാജ്) അദ്ദേഹം പറഞ്ഞു-ഹിജാബ് ട്വീറ്റ് ചെയ്തു.
ഹിജാബിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സുഷമ ഇവർക്ക് ഇന്ത്യൻ വീസ അനുവദിക്കാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് നിർദേശിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗതം ബംബാവാലെയോടു അസിഫിന്റെ അപേക്ഷ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.