കൊച്ചി: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി. ടീമിൽനിന്ന് ഒഴിവാക്കിയതിൽ അത് ലറ്റിക് താരം പി.യു.ചിത്ര സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്. യോഗ്യതയില്ലാത്തവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു നിരീക്ഷിച്ച കോടതി ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിനും ദേശീയ അത്ലറ്റിക് ഫെഡറേഷനും നിർദേശം നൽകി.
വിധിയിൽ പി.യു.ചിത്ര സന്തോഷം രേഖപ്പെടുത്തി. എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് അനുകൂല വിധിയുണ്ടായതെന്നും മീറ്റിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്ര പ്രതികരിച്ചു. കേരളത്തിന്റെ പിന്തുണയ്ക്ക് ചിത്ര നന്ദി രേഖപ്പെടുത്തി.
നേരത്തെ, അത്ലറ്റിക് ഫെഡറേഷൻ സ്വതന്ത്ര ഏജൻസിയായതിനാൽ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നാണ് ഹർജി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ടീം തെരഞ്ഞെടുപ്പ് പൂർത്തിയായെന്നും അംഗങ്ങൾ ലണ്ടനിലേക്കു പുറപ്പെട്ടെന്നും അത് ലറ്റിക് ഫെഡറേഷൻ നിലപാടെടുത്തു. മാത്രമല്ല, ടീമിന്റെ പട്ടിക ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് സംഘാടകർക്കു നൽകി കഴിഞ്ഞതിനാൽ മാറ്റം അസാധ്യമാണെന്നും കോടതിയെ ബോധിപ്പിച്ചു. ഇതിനെ മറികടന്നാണ് ഹൈക്കോടതി ഉത്തരവ്.