ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പ്രണോയ് റാങ്കിംഗില്‍ പതിനേഴാം സ്ഥാനത്ത്.യുഎസ് ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് വിജയത്തോടെയാണ് പ്രണോയിയുടെ റാങ്കിംഗ് ഉയര്‍ന്നത്. നേരത്തെ 23 ആയിരുന്നു പ്രണോയിയുടെ റാങ്ക്. പ്രണോയിയുടെ റാങ്കിംഗ് മെച്ചപ്പെട്ടതോടെ ഇന്ത്യയുടെ നാലു പുരുഷ താരങ്ങളാണ് ടോപ് ഇരുപതിൽ ഉള്ളത്.
കിഡംബി ശ്രീകാന്ത്(8), അജയ് ജയറാം(16), ബി.സായ് പ്രണീത്(19) എന്നിവരാണ് മറ്റു മൂന്നു പേര്. യുഎസ് ഓപ്പൺ ഫൈനലില്‍ പ്രണോയിയെ നേരിട്ട പാരുപള്ളി കശ്യപിന്റെയും റാങ്ക് ഉയര്‍ന്നു. അന്‍പത്തൊമ്പതാം സ്ഥാനത്തായിരുന്ന കശ്യപ് 47ല്‍ എത്തി. ലോകചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയ സമീര്‍ വര്‍മ 28-ാം സ്ഥാനത്താണ്.
വനിതാ വിഭാഗത്തില്‍ പി. വി. സിന്ധു(5), സൈന നെഹ്വാള് (16) എന്നിവര്‍ മാത്രമേ ടോപ് 25ല്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. മിക്സഡ് ഡബിള്‍സില്‍ പ്രണാവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം മൂന്നു റാങ്കുകള്‍ താഴേക്ക് പോയി 20 ല്‍ എത്തി. പുരുഷ-വനിതാ ഡബിള്‍സില്‍ ഒരു ഇന്ത്യന്‍ സഖ്യം പോലും ടോപ് 25ല്‍ ഉള്‍പ്പെട്ടിട്ടില്ല.