കോട്ടയം: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു കിലോഗ്രാം കഞ്ചാവ് കോട്ടയം വെസ്റ്റ് പോലീസ് റെയ്ഡ് ചെയ്തു പിടികൂടി. വേളൂർ പാണംപടി കൊച്ചുപുരയ്ക്കൽ നജീബിന്റെ വീട്ടിൽ നിന്നുമാണു കഞ്ചാവ് പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലും കട്ടിലിലെ ബെഡിന്റെ അടിയിലുമായി നിരവധി പൊതികളായിട്ടാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തേയില പായ്ക്കറ്റിന്റ കൂടുകളിലാക്കിയായിരുന്ന കഞ്ചാവ് പൊതിഞ്ഞുവച്ചിരുന്നത്. ഒരു കാരണവശാലും കഞ്ചാവിന്റെ മണം പുറത്തേക്കു വരാത്ത രീതിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാലു പൊതികൾ ബെഡിന്റെയും തലയിണയുടെയും അടിയിൽ നിന്നുമാണു കണ്ടെത്തിയത്. മുഷിഞ്ഞ വസത്രങ്ങൾ സൂക്ഷിച്ചിരുന്ന ബക്കറ്റിനുള്ളിലും കഞ്ചാവ് ഒളിപ്പിച്ചുവച്ചിരുന്നു.
പോലീസ് രാവിലെ പരിശോധനയ്ക്കായി എത്തിപ്പോഴേക്കും നജീബ് വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. പോലീസ് ഏറെ സമയം നടത്തിയ തിരച്ചിലിനൊടുവിലാണു കഞ്ചാവ് കണ്ടെത്താനായത്. നജീബിന്റെ വീടു കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന വ്യാപകമായി നടക്കുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി പോലീസ് നീരിക്ഷണം നടത്തിവരികയായിരുന്നു.
ഇന്നലെ ഇവിടെ കഞ്ചാവ് എത്തിയതായി ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് എസ്ഐ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ ഷാഡോ പോലീസും വനിത പോലീസും ഉൾപ്പെടെയുള്ള സംഘം വീട്ടിൽ എത്തി റെയ്ഡ് ചെയ്താണു കഞ്ചാവ് കണ്ടെത്തിയത്. നജീബിനെ പിടികൂടുന്നതിനു വേണ്ടിയുള്ള അന്വേഷണ ആരംഭിച്ചതായി പോലീസ് പറഞ്ഞു.