സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ ജില്ല മുതൽ തെക്കൻ ജില്ലകളിലെ ഇന്ത്യൻ കോഫീ ഹൗസുകളിൽ വിളന്പുന്ന ചിക്കൻ ഇനങ്ങൾക്ക് ഓഗസ്റ്റ് ഒന്നാം തീയതി മുതൽ അഞ്ചു രൂപ കുറയ്ക്കും. ജിഎസ്ടി നിലവിൽ വന്നതിന്റെ പ്രയോജനം ഉപഭോക്താക്കൾക്കു നൽകുന്നതിനാണു വില കുറയ്ക്കുന്നത്. കോഫീ ഹൗസുകളുടെ ഉടമകളായ ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതിയാണു വില കുറയ്ക്കാൻ തീരുമാനിച്ചത്.
കോഴിയെ നികുതിയിൽനിന്ന് ഒഴിവാക്കിയതിനാൽ വില കുറയ്ക്കണമെന്നു ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ ആവശ്യം സംസ്ഥാനത്ത് ആദ്യമായി തങ്ങൾ നടപ്പാക്കുകയാണെന്നു ഭരണസമിതി വ്യക്തമാക്കി. 115 രൂപയായിരുന്ന ചിക്കൻ ബിരിയാണിക്കു 110 രൂപയും 85 രൂപയായിരുന്ന ചിക്കൻ കറിക്ക് 80 രൂപയുമാണു ചൊവ്വാഴ്ച മുതൽ ഈടാക്കുക. ചിക്കൻ ഫ്രൈക്കും അഞ്ചു രൂപ വില കുറയും.
എന്നാൽ ജിഎസ്ടി നടപ്പാക്കുന്നതുമൂലം മസാലദോശ, നെയ്റോസ്റ്റ്, ഉൗണ്, ചായ, കാപ്പി തുടങ്ങിയ ഇനങ്ങൾക്കു നേരിയ വിലവർധനയുണ്ടാകും. കോഫീ ഹൗസുകളിലെ ഭക്ഷണ സാധനങ്ങളുടെ വില വൈകാതെത്തന്നെ ഏകീകരിക്കും. ആശുപത്രികളിലെ കോഫീ ഹൗസുകളിൽ വില കുറച്ചാണു ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലായിരുന്ന കോഫീ ഹൗസുകളിൽ ജിഎസ്ടി നടപ്പാക്കിയിരുന്നില്ല. അഡ്മിനിസ്ട്രേറ്റർ ഉപഭോക്താക്കളിൽനിന്നു നികുതി ഈടാക്കൻ നടപടിയെടുക്കാതിരുന്നതുമൂലം ഈ മാസത്തെ ബിസിനസിന് കോഫീ ഹൗസിന്റെ വരുമാനത്തിൽനിന്ന് 1.20 കോടി രൂപ നികുതിയായി അടയ്ക്കേണ്ടിവരും. അഡ്മിനിസ്ട്രേറ്ററുടെ ദുർഭരണംമൂലമാണു കോഫീ ഹൗസിന് ഇത്രയും നഷ്ടമുണ്ടാക്കിയതെന്നു ഭരണസമിതി വിലയിരുത്തി.
അഡ്മിനിസ്ട്രേറ്ററുടെ ഭരണകാലത്ത് അഞ്ചുലക്ഷം രൂപയുടെ സാന്പത്തിക ക്രമക്കേടു നടന്നതായി ഭരണസമിതി വ്യവസായ വകുപ്പിനു പരാതി നൽകിയിരുന്നു. കോഫീ ഹൗസ് തുടങ്ങിയ കാലം മുതലുള്ള 18 മിനിറ്റ്സ് ബുക്കുകൾ ഓഫീസിൽനിന്നു കടത്തിക്കൊണ്ടുപോയിട്ടുമുണ്ട്. ഇവയെല്ലാം വീണ്ടെടുക്കാൻ കോടതിയെ സമീപിക്കാനാണു പരിപാടി.