മാനന്തവാടി: തിരുവനന്തപുരം അറ്റിങ്ങൽ എൻഎൻ മന്ദിരത്തിൽ സുനിലിനെ (33) കഴിഞ്ഞ സെപ്റ്റംബർ 26ന് കൊയിലേരി പുഴയിൽ മരിച്ചനിലയിൽ കണ്ടതുമായ ബന്ധപ്പെട്ട കേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. കേസ് അന്വേഷണം കൊയിലേരിയിൽ സുനിലിന്റെ കൂടെ ഒരു വർഷത്തോളം താമസിച്ചിരുന്ന ഭർതൃമതിയായ യുവതിയിലേക്കും നീങ്ങുന്നതായാണ് സൂചന.
ഇപ്പോൾ ഒളിവിലുള്ള യുവതിയുടെ വീട്ടുവേലക്കാരിയും ഇവരുടെ മൂന്ന് അയൽവാസികളുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാൽ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് മാത്രമാണ് ഇതേക്കുറിച്ച് മാനന്തവാടി പോലീസ് പ്രതികരിച്ചത്. സഹോദരനെന്ന് സമീപവാസികളെ വിശ്വസിപ്പിച്ചാണ് യുവതി സുനിലിനെ ഒപ്പം താമസിപ്പിച്ചിരുന്നത്. പിതൃസ്വത്ത് വിറ്റുലഭിച്ച ഒന്നരക്കോടി രൂപയുമായാണ് സുനിൽ യുവതിക്കൊപ്പം താമസം ആരംഭിച്ചത്.
സുനിലിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. എന്നാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തതല്ലാതെ വീട്ടുകാരുടെ ആരോപണം പോലീസ് ഗൗരവത്തിലെടുത്തില്ല. ഇതേത്തുടർന്ന് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് സുനിലിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായത്. സുനിലിന്റെ കൈവശമുണ്ടായിരുന്ന പണം യുവതി അപഹരിച്ചുവെന്ന സംശയം ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു.