ഇരിട്ടി: പുതുതായി കിട്ടിയ റേഷൻകാർഡ് കണ്ട അന്നമ്മ ഞെട്ടി. ഇതുവരെ അടുക്കളയുടെ ഭരണം മാത്രമുണ്ടായിരുന്ന അന്നമ്മ ജഡ്ജി! ഇരിട്ടി താലൂക്കിൽപ്പെട്ട എടപ്പുഴയില്‍ പുതുതായി അനുവദിച്ച റേഷന്‍ കാര്‍ഡിലാണ് വീട്ടമ്മയെ അധികൃതര്‍ ജഡ്ജിയാക്കിയത്. എടപ്പുഴയിലെ മങ്കത്താനത്ത് അന്നമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡിലാണ് വ്യാപക തെറ്റുകൾ കടന്നുകൂടിയത്.
വീട്ടുപേരും തെറ്റിച്ചാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് എം.എം. ഇമ്മാനുവലിന്റെ വയസായ 62 അന്നമ്മയ്ക്കാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നമ്മയുടെ വയസായ 58 ഭര്‍ത്താവിനും നല്കി. മങ്കത്താനത്ത് എന്നുള്ള വീട്ടുപേരിലും അക്ഷരത്തെറ്റുണ്ടാക്കി. തെറ്റുകൾ തിരുത്താൻ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഈ വീട്ടമ്മയും കുടുംബവും.