പത്തനാപുരം: വെട്ടിത്തിട്ട ഗ്രാമം ശനിയാഴ്ച്ച ഉണർന്നത് ഞെട്ടലോടെയാണ്. പ്ലസ് വൺ വിദ്യാർഥിനിയായ റിൻസി(16)യുടെ മരണം കേട്ടതോടെ ഗ്രാമം നടുങ്ങി. കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ ആളുകളുടെ ഒഴുക്ക് വർധിച്ചു. പിതൃസഹോദരി പുത്രിയുടെ വീട്ടിൽ നിന്നും രാത്രി ഒൻപതോടെയാണ് റിൻസി വീട്ടിലെത്തിയത്. പുലർച്ചെ മരിച്ചുകിടക്കുന്നതായാണ് മാതാവ് കണ്ടെത്തിയത്. വെട്ടിത്തിട്ട ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറായ ബിജുവിന്റെ മകളാണ് റിൻസി. സംഭവമറിഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി, കെ ബി ഗണേഷ് കുമാർ എംഎൽഎ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം ആവശ്യപ്പെടുമെന്നും ഇരുവരും പറഞ്ഞു. ദുരൂഹമരണങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും പിറവന്തൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പതിവാണ്. മൂന്ന് മാസം മുൻപ് വെട്ടിത്തിട്ട സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയായ ആദിത്യയും ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.
ഒടുക്കം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. വാഴത്തോപ്പിൽ ലോറി ഡ്രൈവറുടെ കൊലപാതകം തെളിയിക്കപ്പെട്ടെങ്കിലും കടയ്ക്കാമണ്ണിൽ പതിനാറ്കാരി പ്രസവിച്ച സംഭവത്തിൽ ഇനിയും പ്രതിയെ പിടികൂടിയിട്ടില്ല. പുനലൂർ, പത്തനാപുരം പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ പോലീസ് പെട്രോളിംഗ് കാര്യമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.