എടത്തിരുത്തി: മീറ്ററിലേക്കു വൈദ്യുതി വരാത്തവിധം കണക്ടുചെയ്തു വൈദ്യുതി മോഷണം; കോണ്ഗ്രസ് ഭാരവാഹിയും പഞ്ചായത്തംഗവുമായ യുവ നേതാവിന് 12,000 രൂപ പിഴ. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് അംഗവും കോണ്ഗ്രസ് പഞ്ചായത്ത് ഭാരവാഹിയുമായ ഉമർ ഫാറൂക്കിന്റെ വീട്ടിൽനിന്നാണ് ഇന്നലെ കെഎസ്ഇബി അധികൃതർ വൈദ്യുതി മോഷണം പിടികൂടിയത്.
മീറ്ററിലേക്കു വൈദ്യുതി വരാത്ത വിധം കണക്ടുചെയ്താണു തട്ടിപ്പ് നടത്തിയിരുന്നത്. മീറ്ററിൽ കുറഞ്ഞ യൂണിറ്റ് മാത്രം കാണിച്ചിരുന്നതിനാൽ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. മീറ്റർ മാറാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരാണു വൈദ്യുതി മോഷണം പിടികൂടിയത്. കെഎസ്ഇബി ജീവനക്കാർ ഇക്കാര്യം അറിയിച്ചതോടെ ഓഫീസിൽനിന്നും ഉന്നത ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തുകയും 12,000 രൂപ പിഴയടപ്പിക്കുകയുമായിരുന്നു.