കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ സംഘത്തിനു മുന്നിൽ ഇന്നലെ ഹാജരായില്ല. അപ്പുണ്ണി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തള്ളിയ ഹൈക്കോടതി, പോലീസിനു ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നു നിർദേശിച്ചിരുന്നു.
ഹാജരാകാനുള്ള നോട്ടീസ് പോലീസിൽനിന്നു ലഭിക്കാത്തതിനാലാണ് അപ്പുണ്ണി എത്താതിരുന്നതെന്നാണു സൂചന. അതേസമയം ചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് അപ്പുണ്ണിക്കു പുതിയ നോട്ടീസ് ഇന്നലെ അയച്ചിട്ടുണ്ടെന്നു റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.
ദിലീപ് അറസ്റ്റിലായ ശേഷം രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ ഹാജരായില്ലെന്നു മാത്രമല്ല, ഏലൂരിലെ വീട്ടിലെത്താതെ മാറിനിൽക്കുകയാണെന്നും പറയുന്നു. നോട്ടീസ് ലഭിച്ചശേഷവും അപ്പുണ്ണി ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പോലീസ് നീക്കം.
ദിലീപിന്റെ മാനേജർ എന്നതിലുപരി മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ് അപ്പുണ്ണി. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ പൾസറും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെയും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെയും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു.
അപ്പുണ്ണിയും സുനിയുടെ സഹതടവുകാരനായ വിഷ്ണുവും ഏലൂരിലെ ടാക്സി സ്റ്റാൻഡിനു സമീപം കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ദിലീപിനു സുനി അയച്ച കത്ത് കൈമാറിയത് ഈ അവസരത്തിലാണെന്നാണു പോലീസിന്റെ കണക്കുകൂട്ടൽ.
സുനിയുടെ മറ്റൊരു സഹതടവുകാരനായ വിപിൻലാലിനെ ചോദ്യം ചെയ്യുന്നതു പോലീസ് തുടരുകയാണ്. ജയിലിൽനിന്നു സുനി ദിലീപിനയച്ച കത്ത് എഴുതിയതു വിപിൻലാലാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു.