ന്യൂഡൽഹി: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും പി.യു.ചിത്രയെ ടീമിൽ ഉൾപ്പെടുത്താത്തതിനു പിന്നിലെ കള്ളക്കളി തെളിയുന്നു. ചിത്രയ്ക്കൊപ്പം ഒഴിവാക്കപ്പെട്ട രണ്ടു താരങ്ങൾ ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനായി ലണ്ടനിലേക്ക് പോകും. സ്റ്റീപ്പിൾ ചേസ് താരം സുധാ സിംഗും ദ്യുതി ചന്ദുമാണ് അന്തിമപട്ടികയിൽ ഇടം പിടിച്ചത്. ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തി രണ്ടാമതൊരു എൻട്രി കൂടി അത്ലറ്റിക് ഫെഡറേഷൻ സമർപ്പിക്കുകയായിരുന്നു.
ഹൈക്കോടതി നിർദേശിച്ചിട്ടും ചിത്രയെ ഒഴിവാക്കാൻ അധികൃതർ കഷ്ടപ്പെടുന്പോഴാണ് പട്ടികയിലില്ലാതിരുന്ന രണ്ടുപേർ ലണ്ടനിലേക്കു പോകാൻ തയാറെടുക്കുന്നത്. 26 അംഗ ലിസ്റ്റാണ് ഫെഡറേഷൻ പുതുതായി പുറത്തുവിട്ടിരിക്കുന്നത്. ദ്യുതി ചന്ദ് വൈൽഡ് കാർഡ് എൻട്രി വഴിയാണ് സംഘത്തിൽ ഉൾപ്പെട്ടത്.
ചാന്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക സമർപ്പിക്കേണ്ട അവസാന ദിവസമായ ജൂണ്‍ 24 കഴിഞ്ഞുപോയതിനാൽ ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് അത്ലറ്റിക് ഫെഡറേഷൻ ഹൈക്കോടതിയിൽ നിലപാടെടുത്തത്. ഇതിനുപിന്നാലെയാണ് ടീമിലില്ലാതിരുന്ന രണ്ടുപേരെ പുതുതായി ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.