കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ ഡ്രൈവറായി രണ്ടു മാസത്തോളം താൻ ജോലി ചെയ്തിരുന്നതായി മുഖ്യപ്രതി പൾസർ സുനി പോലീസിനു നൽകിയ മൊഴിയിലുള്ളതായി സൂചന. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമായിരുന്നു കാവ്യയുടെ മൊഴി.
ദിലീപും കാവ്യാമാധവനും ഒരുമിച്ചഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ സുനി എത്തിയിരുന്നതായി നേരത്തെ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. പൾസർ സുനിയുടെ കാറിൽ കാവ്യ യാത്ര ചെയ്തിട്ടുണ്ടോയെന്നുള്ള അന്വേഷണത്തിലാണു പോലീസ്.
ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി സിനിമാസിനെതിരായി പരാതി നൽകിയ ആലുവ സ്വദേശി സന്തോഷ് കുമാറിൽനിന്ന് അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തു. ദിലീപിന്റെ ബാല്യകാല സുഹൃത്തായ സന്തോഷ് പിന്നീട് താരവുമായി തെറ്റുകയായിരുന്നു. ഇതിന്റെ കാരണങ്ങളാണു പോലീസ് ചോദിച്ചറിഞ്ഞത്.