വളരെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഒരോരുത്തരും വിവാഹ ജീവിതം ആരംഭിക്കുന്നത്. ജീവിതകാലം മുഴുവൻ സുഖവും ദുഃഖവും ഒരുമിച്ച് പങ്കിടാമെന്ന ഉറപ്പോടെ. എന്നാൽ വിധി വില്ലന്റെ രൂപത്തിൽ പങ്കാളിയെ തട്ടിക്കൊണ്ടു പോകുന്പോൾ നിസംഗമായി അത് നോക്കി നിൽക്കാനെ പലർക്കും കഴിയുകയുള്ളു. ഇതേ അവസ്ഥയായിരുന്നു ബ്രൂക്ലിൻ സ്വദേശിനിയായ പെയ് ഷിയാ ചെന്നിനും. തന്റെ പ്രിയപ്പെട്ടവനുമൊത്ത് ജീവിതം പങ്കുവയ്ക്കാൻ അവൾക്ക് മൂന്നുമാസം മാത്രമേ വിധി അനുവദിച്ചുള്ളു. ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥനായിരുന്ന വെൻചിയാൻ പട്രോളിംഗിനു പോയപ്പോൾ വെടിയേറ്റു മരണമടയുകയായിരുന്നു. എന്നാൽ അദ്ദേഹം മരണമടഞ്ഞ് രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം സമ്മാനിച്ച പൊന്നോമനയേ നെഞ്ചോട് ചേർത്ത് സങ്കടം ഉള്ളിലൊതുക്കുകയാണ് പെയ് ഷിയാ ചെൻ.
2014ലാണ് വെൻ ചിയാൻ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞപ്പോൾ നിസംഗയായി നിൽക്കാനെ ഇവർക്കായുള്ളു. എന്നാൽ അപ്പോഴാണ് പെയ് ഷിയായുടെ ജീവിതത്തെ മാറ്റി മറിച്ച ചോദ്യം ഡോക്ടർമാർ ചോദിച്ചത്. ഷിയയ്ക്ക് അമ്മയാകാൻ അദ്ദേഹത്തിന്റെ ബീജം ശേഖരിച്ചുവയ്ക്കണോ എന്നായിരുന്നു അത്. ഹൃദയം മുറിയുന്ന വേദനയ്ക്ക് ഇടയിലും താൻ സ്വന്തം ജീവനേക്കാൾ കൂടുതൽ സ്നേഹിച്ച വെൻചിയാന്റെ കുഞ്ഞിന് ജന്മം നൽകാൻ അവൾ സന്തോഷത്തോടെ സമ്മതമറിയിക്കുകയായിരുന്നു. അങ്ങനെ ഷിയായിൽ കൃത്രിമ ബീജ സങ്കലനം നടത്തുകയായിരുന്നു,
അതേ ദിവസം തന്നെ വെൻ തന്റെ സ്വപ്നത്തിൽ വന്ന് “ഇതൊരു പെണ്കുഞ്ഞാണ്, നമ്മുടെ മാലാഖ’ എന്ന് പറഞ്ഞുവെന്നാണ് പെയ് ഷിയാ പറയുന്നത്. പെയ് വിശ്വസിച്ചതുപോലെ പെൺകുഞ്ഞ് പിറക്കുകയും ചെയ്തു. പൊന്നോമനയേ കിടത്തിയിരിക്കുന്നതിന് സമീപത്ത് തന്നെ പെയ് അദ്ദേഹത്തിന്റെ പോലീസ് യൂണിഫോമും തൊപ്പിയും സൂക്ഷിച്ചിട്ടുണ്ട്.
ഏകമകനെ നഷ്ടപ്പെട്ട വെൻ ചിയാന്റെ മാതാപിതാക്കൾക്ക് ഈ കുഞ്ഞു മാലാഖ ഒരു ആശ്വാസമാണ്. തന്റെ ഭർത്താവിന്റെ സാന്നിധ്യത്തിനായി അദ്ദേഹത്തിന്റെ പോലീസ് ബാഡ്ജും പെയ് ഷിയ എല്ലാദിവസവും ധരിക്കാറുമുണ്ട്. തനിക്ക് നഷ്ടപ്പെട്ടുവെന്നു കരുതിയ ജീവിതം തിരികപ്പിടിക്കാനുള്ള ശ്രമത്തിലാണ് പെയ് ഷിയ ഇപ്പോൾ.