മുളങ്കുന്നത്തുകാവ്: തോർത്തുമുണ്ടിൽ തൂങ്ങികിടന്ന് കിണറ്റിൽ വീണ ദന്പതികളെ പോലീസുകാരൻ സാഹസികമായി രക്ഷിച്ചു. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ചെറുതുരുത്തി സ്വദേശി കെ.സഗൂണാണ് ഇന്നലെ രാത്രി 11ന് കിണറ്റിൽ വീണ ദന്പതികളെ രക്ഷിച്ചത്.
രാത്രികാല പട്രോളിംഗിന് ഇറങ്ങിയതായിരുന്നു പോലീസ്. പെരിങ്ങുണ്ടുർ പാടത്തിനടത്തുള്ള വീട്ടിൽ നിന്നും പോലിസ് ജിപ്പിന് മുന്നിലേക്ക് ഇരുട്ടത്ത് നിലവിളിച്ച് ഓടി വന്ന 13കാരി കൈകാട്ടി നിർത്തിച്ചു. കരഞ്ഞു കൊണ്ടുനിന്ന് കാര്യം പറയുന്നതിനിടയിൽ പത്തു വയസുള്ള സഹോദരനും ഓടിയെത്തി ഇവരുടെ മാതാപിതാക്കൾ കിണറ്റിൽ വിണ് കിടക്കുകയാണെന്നും രക്ഷപെടുത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഉടൻ ജീപ്പിൽ ഉണ്ടായിരുന്ന വിയ്യുർ സ്റ്റേഷനിലെ എഎസ്ഐ പൗലോസും പോലിസുകാരനായ സഗൂണും കീണറിനു സമിപമെത്തിയപ്പോൾ കിണറ്റിലെ മോട്ടോറിൽ ദന്പതികൾ പിടിച്ച് കിടക്കുന്നത് ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടെത്തി. ഇവരെ പിടിച്ച് കയറ്റുന്നതിനുള്ള നീളത്തിൽ കയറും ഉണ്ടായിരുന്നില്ല. കാവൽ ഭിത്തിയില്ലാത്ത കിണറിൽ ഉണ്ടായിരുന്ന കയറിൽ തൂങ്ങി കിടന്ന് കൈവശമുള്ള തോർത്ത് മുണ്ട് ഇട്ട് കൊടുത്ത് അതിലൂടെ ദന്പതികളെ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു.
കയറ് പിടിച്ച് ബാലൻസ് നൽകാൻ എഎസ്ഐ പൗലോസും ഏറെ പാടുപെട്ടു. പെരിങ്ങുണ്ടുർ സ്വദേശിയായ തെക്കേപ്പാട്ട് വീട്ടിൽ അനിൽ കുമാർ(38), ഭാര്യ പ്രവിത(34) എന്നിവരാണ് കിണറ്റിൽ വീണത്. രാത്രി പുറത്തിറങ്ങിയ പ്രവിത അബദ്ധത്തിൽ ആൾ മറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഭാര്യയെ രക്ഷപെടുത്തുവാനുള്ള ശ്രമത്തിലാണ് ഭർത്താവും കിണറ്റിൽ വീണത്. രാത്രി ആയതു കൊണ്ട് സംഭവം ആരും അറിഞ്ഞില്ല.
കിണറ്റിൽ നിന്നും നിലവിളി കേട്ട് ഉറക്കത്തിൽ നിന്നും ഉണർന്ന് വന്ന മകൾ രക്ഷപെടുത്താൻ ആവശ്യപെട്ട് റോഡിലേക്ക് വരുന്പോഴാണ് പോലിസ് ജീപ്പ് കണ്ടത്. കിണറ്റിൽ വീണ ദന്പതികളെ പോലീസ് ജിപ്പിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. രക്ഷകാരായി മാറിയ പോലീസുകാരെ പിന്നിട് നാട്ടുക്കാർ അഭിനന്ദിച്ചു