പോൾ മാത്യു
തൃശൂർ: സംസ്ഥാനത്ത് വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞു വരുന്നതായി ഗതാഗത വകുപ്പിന്റെ കണക്ക്. വാഹനമോടിക്കുന്നവർക്കു നൽകുന്ന ബോധവത്കരണവും നടപടികളും റോഡുകളുടെ ശോചനീയാവസ്ഥയ്ക്കു മാറ്റം വന്നതുമാണു റോഡപകടങ്ങൾ കുറയാൻ പ്രധാന കാരണമെന്നാണു റിപ്പോർട്ട്. സംസ്ഥാനത്തു റോഡപകടങ്ങൾ 20 ശതമാനത്തിൽ താഴെയെത്തിക്കാനാണു ഗതാഗത വകുപ്പിന്റെ ലക്ഷ്യം.
ഈ വർഷത്തെ ആദ്യ മൂന്നു മാസത്തെ അപകടങ്ങളുടെ കണക്ക് കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുമായി താരതമ്യം ചെയ്തപ്പോഴാണ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു വരുന്നതായി വ്യക്തമായത്. ബോധവത്കരണം ഏറെ ഗുണം ചെയ്യുന്നുണ്ടെന്നാണു ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. മദ്യപിച്ചു വാഹനമോടിക്കുന്നതിനെതിരെ കർശന നടപടി അപകടങ്ങൾ കുറയ്ക്കാൻ ഇടയായിട്ടുണ്ടത്രേ. സ്ഥിരമായി പരിശോധന നടത്തി മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടി വൻ തുക പിഴ ഈടാക്കുകയാണ് ചെയ്യുന്നത്.
2017ലെ ആദ്യ മൂന്നുമാസത്തിൽ സംസ്ഥാനത്ത് 9,761 അപകടങ്ങളാണുണ്ടായത്. ഇതിൽ 960 പേർ മരണപ്പെട്ടു. എന്നാൽ 2016ൽ ഇതേ കാലയളവിൽ 10,393 അപകടങ്ങൾ ഉണ്ടാകുകയും 1,116 പേർ മരണപ്പെടുകയും ചെയ്തു. 2015ൽ ഇതേ കാലയളവിൽ 10,280 അപകടങ്ങൾ ഉണ്ടാകുകയും 1,141 പേർ കൊല്ലപ്പടുകയും ചെയ്തു. അപകടങ്ങളിൽ നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. എന്നാൽ കണക്കു പരിശോധിച്ചാൽ ഓരോ വർഷവും അപകട മരണങ്ങൾ കുറഞ്ഞു വരുന്നതായി കാണുന്നു.
ഇതു ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കിയതു മൂലവും ഡ്രൈവർമാർക്കു നൽകിയ ബോധവത്കരണവും മൂലമാണെന്നാണു ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. റോഡുകളുടെ അശാസ്ത്രീയമായ നിർമാണവും ശോചനീയാവസ്ഥയുമൊക്കെ അപകടങ്ങൾക്കു കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റോഡപകടങ്ങൾ കൂടുതലും ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടാണ് ഉണ്ടാകുന്നത്.
കൂടാതെ ഒന്നും ശ്രദ്ധിക്കാതെ റോഡുമുറിച്ചു കടക്കുന്നവരും സിഗ്നൽ നൽകാതെ വാഹനങ്ങൾ തിരിക്കുന്നതുമൊക്കെ അപകടങ്ങൾക്കു കാരണമാണ്. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുംമൂലം മറ്റു വാഹനങ്ങളെയും അപകടത്തിൽപെടുത്തുന്ന രീതിയിലാണു കേരളത്തിലെ പല വാഹനങ്ങളുടെയും മരണപ്പാച്ചിലുകളെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ നാലുവരി പാതകളിലും ദേശീയ പാതകളിലുമൊക്കെ അമിതവേഗം തടയാൻ ക്യാമറകൾ സ്ഥാപിച്ചത് ഏറെ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി സർക്കാരിനു ലക്ഷങ്ങളുടെ വരുമാനവും ലഭിക്കുന്നു.
കഴിഞ്ഞ നിരവധി വർഷങ്ങളായി റോഡപകടങ്ങൾ കുറയ്ക്കാൻ വിവിധ പദ്ധതികളാണു നടപ്പാക്കുന്നത്. ഇതിനായി 200 കോടി രൂപയാണ് ഇതുവരെ ചെലവാക്കിയിരിക്കുന്നത്. ഡ്രൈവർമാർക്കു ബോധവത്കരണം, റോഡുകളുടെ അശാസ്ത്രീയത ഇല്ലാതാക്കൽ തുടങ്ങി വിവിധ തരം പദ്ധതികളാണു നടപ്പാക്കി വരുന്നത്. അമിത വേഗത്തിൽ ഓടിച്ചു അപകടത്തിൽപെടുന്നവരുടെ എണ്ണം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നതും വസ്തുതയാണ്.
സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ മുപ്പതു ശതമാനമെങ്കിലും ഇത്തരത്തിൽ അമിത വേഗതയിൽ വാഹനമോടിക്കുന്നവരാണെന്നാണു സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ 18 മുതൽ 25 ശതമാനം പേരും അനുവദനീയമായ വേഗത്തില് പോലും വാഹനങ്ങൾ ഓടിക്കാത്തവരാണ്. 30 മുതൽ 45 ശതമാനം മാത്രമാണു നിർദേശിച്ച വേഗതയിൽ തന്നെ വാഹനമോടിക്കുന്നവർ.
ശക്തമായ ബോധവത്കരണത്തിലൂടെയല്ലാതെ സംസ്ഥാനത്തെ വാഹനാപകടങ്ങൾ കുറയ്ക്കാനാകില്ലെന്നാണു വിലയിരുത്തൽ. അതിനാൽ വിവിധ പദ്ധതികൾ വഴി പൊതുവാഹനങ്ങൾ മാത്രമല്ല, സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നവർക്കും ബോധവത്കരണം നടത്താനുള്ള പദ്ധതികളും തയാറാക്കി വരികയാണ്. അപകടങ്ങൾ തീരെ ഇല്ലാതാക്കാൻ ആകില്ലെങ്കിലും 20 ശതമാനത്തിലെത്തിക്കാൻ കഴിയുമെന്നു വിശ്വാസത്തിലാണു ഗതാഗത വകുപ്പ്.