കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തുടർ അന്വേഷണത്തോടനുബന്ധിച്ചു പല പ്രമുഖ താരങ്ങളെയും പോലീസ് വിളിച്ചു വരുത്തുമെന്നു സൂചന. ഇതിനായി ചോദ്യം ചെയ്യാനുള്ളവരുടെ പുതിയ പട്ടിക അന്വേഷണ സംഘം തയാറാക്കിയതായാണു വിവരം. പ്രധാനമായും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അനിഷ്ടം അറിയാവുന്നവരെന്നു പോലീസ് വിശ്വസിക്കുന്നവരെയാണു വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി വിളിച്ചു വരുത്തുക.
അന്വേഷണം ദിലീപിന്റെ സിനിമ ബന്ധങ്ങളിലേക്കു കടക്കുന്നതിന്റെ ആദ്യപടിയാണു താരസംഘടനയായ അമ്മയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തത്. 2013ൽ അമ്മയുടെ താരനിശയുടെ മുഖ്യസംഘാടകനായിരുന്നു ഇടവേള ബാബു. ഇതുകൂടാതെ അമ്മ ഭാരവാഹി എന്ന നിലയിലും വ്യക്തിപരമായ നിലയിലും ഒട്ടുമിക്ക താരങ്ങളുമായും ശക്തമായ ബന്ധം പുലർത്തുന്ന വ്യക്തിയുമാണ് അദ്ദേഹം.
2013ലെ താരനിശയോടനുബന്ധിച്ചു കൊച്ചിയിലെ ഹോട്ടൽ അബാദ് പ്ലാസയിൽ നടന്ന റിഹേഴ്സലിനിടയിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വാക്കുത്തർക്കമുണ്ടായിരുന്നു. പല പ്രമുഖ താരങ്ങളും ഇടപ്പെട്ടാണ് ഇരുവരെയും തർക്കത്തിൽനിന്നു പിന്തിരിപ്പിച്ചത്. ഈ വിവരങ്ങൾ അറിയാവുന്നതാണെങ്കിലും നടിയും ദിലീപും തമ്മിൽ ഒരുപ്രശ്നവും ഉണ്ടായിരുന്നില്ലെന്ന നിലയിലാണ് അമ്മയുടെ ജനറൽ ബോഡിയിലടക്കം താരങ്ങൾ നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ ദിലീപ് അടക്കം പങ്കെടുത്ത ജനറൽ ബോഡിയിലെ സംഭവങ്ങളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊച്ചിയിൽ അമ്മയുടെ ജനറൽ ബോഡി യോഗം ചേരുന്നതിനു തലേന്നാണു കേസുമായി ബന്ധപ്പെട്ടു ദിലീപിനെ പന്ത്രണ്ടര മണിക്കൂർ ചോദ്യം ചെയ്തത്. ഇതേത്തടർന്ന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ദിലീപിനു പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. നടിയെ ആക്രമിക്കപ്പെട്ട കേസിൽ മാരത്തണ് ചോദ്യം ചെയ്യലിനു ശേഷവും ഒരു താരം പോലും ദിലീപിനെതിരേ ജനറൽ ബോഡി യോഗത്തിൽ പ്രതികരിച്ചില്ലെന്ന ഭാരവാഹികളുടെ വാദം സംശയാസ്പദമായാണു പോലീസ് കരുതുന്നെതെന്നാണ് സൂചന.
ഇതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലായ ശേഷമാണു ട്രഷറർ സ്ഥാനത്തുനിന്നും അമ്മയുടെ പ്രാഥമിക അംഗത്തിൽനിന്നും ദിലീപിനെ പുറത്താക്കാൻ അമ്മ തയാറായത്. ജനറൽ ബോഡി യോഗത്തിൽ വന്നവരിൽനിന്നും 2013ൽ താരനിശയുമായി ബന്ധപ്പെട്ട റിഹേഴ്സലിൽ പങ്കെടുത്തവരിൽനിന്നും വിളിച്ചു വരുത്തേണ്ടവരുടെ പട്ടികയാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നതെന്നാണു വിവരം.