കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ഥിര സന്ദർശകനായിരുന്നതായി വിവരം. ദിലീപ് അഭിനയിച്ച പത്തോളം സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സുനി എത്തിയിരുന്നതായുള്ള സൂചനയാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഈ സിനിമകളിൽ ഒന്നിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനും അഭിനയിച്ചിട്ടുണ്ട്. ഇതു സ്ഥിരീകരിച്ചാൽ കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞ മറുപടികളുമായി വൈരുധ്യമുണ്ടാവും. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ദിലീപ് അഭിനയിച്ച സിനിമകളുടെ പ്രൊഡക്ഷൻ കണ്ട്രോളർമാരിൽനിന്നു മൊഴിയെടുത്തതായും സൂചനയുണ്ട്.
സുനി എത്തിയ സിനിമകളുടെ ലൊക്കേഷൻ ചിത്രങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. അതേസമയം, കാവ്യയുടെ ഡ്രൈവറായി പൾസർ സുനി രണ്ടു മാസക്കാലമായി ജോലി ചെയ്തിരുന്നുവെന്ന കാര്യത്തിൽ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. ഇക്കാര്യം സ്ഥിരീകരിച്ചാൽ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
ആദ്യ ചോദ്യം ചെയ്യലിൽ പൾസർ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് കാവ്യ മൊഴി നൽകിയിരിക്കുന്നത്. ഇതു വിശ്വസിക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ കാവ്യയോടു വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയേക്കുമെന്നാണ് ഇക്കാര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.