നാദാപുരം: വിവാഹ വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്ന രഹസ്യവിവരം അറിഞ്ഞെത്തിയ പോലീസുകാരെ തടഞ്ഞ സംഭവത്തിൽ മുപ്പതോളം പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. ചേലക്കാട് പൗർണമി വായനശാല പരിസരത്ത് ശനിയാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം.
വിവാഹ വീട് പരിസരത്തെ പറന്പിൽ പ്രത്യേകം ഷെഡ് കെട്ടി ലക്ഷങ്ങളുടെ ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നെത്തിയ നാദാപുരം പോലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ തടഞ്ഞെന്നാണ് കേസ്.എസ്ഐ എൻ.പ്രജീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസിനെ തടയുകയായിരുന്നു.
ഇതിനിടയിൽ ചീട്ട് കളിക്കാനെത്തിയവർ ഓടി രക്ഷപ്പെട്ടു.ഏറെ നേരം പോലീസുമായി കൈയാങ്കളിയും ഉണ്ടായി.പോലീസുകാരെ തടഞ്ഞ തദ്ദേശിയരായ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞ് നിർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.