കണ്ണൂർ: നാൽപ്പതു ദിവസം നീണ്ട ട്രോളിംഗ് നിരോധനത്തിനു ശേഷം മത്സ്യബന്ധന ബോട്ടുകൾ അവസാന മിനുക്കുപണികൾ പൂർത്തിയാക്കി ഇന്നു അർധരാത്രിയോടെ കടലിലിറങ്ങും.സംസ്ഥാനത്ത് വിവിധ ഹാർബറുകൾ കേന്ദ്രീകരിച്ച് 3600 ഫിഷിംഗ് ബോട്ടുകളും 600 ഗിൽനൈറ്റ് ബോട്ടുകളുമാണ് പ്രവർത്തിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.
സീസൺ തുടക്കത്തിൽ കരിക്കാടി ചെമ്മീനും, കിളിമീൻ, മത്തി ,അയല, തിരണ്ടി, സ്രാവ് തുടങ്ങിയ മീനുകൾ കൂടുതൽ ലഭിക്കാൻ ഇടയുണ്ടെന്ന് അഴീക്കലിലെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ പറയുന്നു.ട്രോളിംഗ് നിരോധന കാലത്താണ് ബോട്ടുകളുടെയും വലകളുടെയും പണികൾ നടത്തുന്നത്.
സാന്പത്തിക പ്രശ്നങ്ങളുള്ളതിനാൽ ബോട്ടുകളുടെ അത്യാവശ്യ പണികൾ മാത്രമാണ് നടത്തിയതെന്നും ബോട്ടുടമകൾ പറയുന്നു. ട്രോളിംഗ് നിരോധന കാലത്ത് നാട്ടിലേക്ക് തിരിച്ച ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ള മത്സ്യത്തൊഴിലാളികൾ അഴീക്കൽ, ആയിക്കര, ബേപ്പൂർ, കോഴിക്കോട് ജട്ടികളിൽ എത്തി.
നേരത്തെ തമിഴ്നാട്ടുകാരാണ് മത്സ്യതൊഴിലാളികളിൽ കുടുതലുണ്ടായിരുന്നതെങ്കിലും നിലവിൽ ഒഡീഷ, അസം,ബീഹാർ, ഹരിയാന, പശ്ചിമ ബംഗാൾ,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളുമുണ്ട്.ട്രോളിംഗ് സമയത്ത് ചാകര പ്രതീക്ഷിച്ച പരന്പരാഗത വള്ളങ്ങൾക്ക് ഇക്കുറി ജില്ലയിൽ കാര്യമായ ചാകര കൊയ്ത്ത് ലഭിച്ചില്ല. നിരോധനം തുടങ്ങിയ ആദ്യ ആഴ്ചകളിൽ മാത്രമാണ് ചെറിയ തോതിലുള്ള ചാകരക്കൊയ്ത്തുണ്ടായത്. മത്സ്യക്ഷാമം നേരിടുന്നുണ്ടെങ്കിലും വലീയ പ്രതീക്ഷയിൽ വലയെറിയുവാൻ തയാറെടുക്കുകയാണ് മത്സ്യത്തൊഴി ലാളികൾ.