ന്യൂഡൽഹി: സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില മാസത്തിൽ നാലുരൂപ വീതം വർധിപ്പിക്കാൻ പെട്രോളിയം കന്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം. അടുത്ത വർഷം മാർച്ചോടെ സബ്സിഡി പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടിയെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ അറിയിച്ചു. മാർച്ച് വരെ പ്രതിമാസം സിലിണ്ടറിന് വില വർധിപ്പിച്ചാണ് സബ്സിഡി ഇല്ലാതാക്കുന്നത്.
ഈ വർഷം മേയ് മുപ്പതിനാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ജൂണ്‍ ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിലെത്തി. ഇതിനുശേഷം രണ്ടുതവണ പെട്രോളിയം കന്പനികൾ പാചക വാതകത്തിന്റെ വില വർധിപ്പിച്ചെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. 32 രൂപയുടെ വർധനവാണ് ഇതിനുശേഷം സംഭവിച്ചത്. ആറു വർഷത്തിനിടെയിലെ ഏറ്റവും വലിയ വില വർധനവാണിത്.
പുതിയ ഉത്തരവ് പ്രകാരം, കഴിഞ്ഞമാസം ഡൽഹിയിൽ 419.18 രൂപയ്ക്കു ലഭിച്ചിരുന്ന സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന് ഇപ്പോൾ 477.46 രൂപയാണ് വില. സബ്സിഡി സിലിണ്ടറുകൾ അവസാനിച്ചശേഷം വിപണിയിൽനിന്ന് ഇവ വാങ്ങാൻ 564 രൂപ ഉപഭോക്താവ് നൽകകേണ്ടിവരും.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കന്പനികളോട്, പാചക വാതകത്തിന്റെ വില കിലോഗ്രാമിന് മാസത്തിൽ രണ്ടു രൂപ വീതം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. മൂല്യ വർധിത നികുതിക്ക് പുറമേയാണിത്. നാലു രൂപ വീതം സിലിണ്ടറുകൾക്കു വർധിപ്പിക്കാനുള്ള പുതിയ തീരുമാനത്തോടെ ഉപഭോക്താക്കൾക്കു മേൽ സർക്കാർ അടിച്ചേൽപ്പിക്കുന്ന ഭാരം ഇരട്ടിയായി.
ഗാർഹിക ഉപഭോക്താക്കൾക്ക് 12 സിലിണ്ടറുകളാണ് വർഷംതോറും സബ്സിഡി നിരക്കിൽ ലഭിക്കുന്നത്. സബ്സിഡി ഇല്ലാതാകുന്നതോടെ വിപണി നിരക്കിൽ ഉപഭോക്താക്കൾ പാചകവാതക സിലിണ്ടർ വാങ്ങേണ്ടിവരും.