വണ്ണപ്പുറം: പഴവർഗ കൃഷിയിൽ നൂറുമേനി കൊയ്ത് വനിതാ കർഷക. മലയാളിക്ക് അത്ര പരിചിതമല്ലാത്ത കൊച്ചിൻ ചൈനീസ് മുതൽ പഴവർഗങ്ങളുടെ നീണ്ട നിര തന്നെയുണ്ട് വണ്ണപ്പുറം ചിറ്റേത്തുകുടിയിൽ ശലോമി സാജുവിന്റെ കൃഷിയിടത്തിൽ. നിരവധി കർഷക അവാർഡുകൾ നേടിയിട്ടുള്ള ശലോമിക്ക് കൃഷിയെന്നാൽ ജീവിതം തന്നെ.
പാഷൻഫ്രൂട്ട്, റംബുട്ടാൻ, മൂന്നിനം സപ്പോട്ട, മധുരനാരകം, ആത്ത, മുള്ളാത്ത, അന്പഴം, വിവിധയിനം പപ്പായ, ചാന്പ, മാവ്, എന്നിങ്ങനെയുള്ള പഴവർഗങ്ങൾ. അന്പത്തിയാറ് ഇനം പച്ചക്കറികൾ, നെൽകൃഷി, ജാതി, കൊക്കോ, റബർ, കാപ്പി, തെങ്ങ് തുടങ്ങിയവയും ഇവരുടെ മൂന്നേക്കർ കൃഷിയിടത്തിലുണ്ട്.
പതിമൂന്ന് വർഷമായി വിവിധ തരം കൃഷികൾ ചെയ്യാൻ തുടങ്ങിയിട്ട്. തായ്ലൻഡ്, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിൽ കൂടുതലായി കൃഷി ചെയ്യുന്ന കൊച്ചിൻ ചൈനീസ് എന്ന പഴവർഗത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ശലോമി പറയുന്നു.
ബീറ്റകരോട്ടിൻ, ഫോളിക് ആസിഡ്, അസ്കോറിക് ആസിഡ്, കാൽസ്യം, ഇരുന്പ് എന്നിവയുടെ കലവറയാണ് ഈ പഴ വർഗം. ബീറ്റകരോട്ടിൻ ഉള്ളതിനാൽ കാഴ്ചശക്തി വർധിക്കാനും ഇതു സഹായകമാണ്. ഇതിന്റെ കൂന്പും ഇലയും ഭക്ഷണ പദാർഥമായും ഉപയോഗിക്കാം. ഷേയ്ക്ക് ഉണ്ടാക്കാനും ഈ പഴം നല്ലതാണ്.
തായൻഡുകാർ അവരുടെ വിശേഷദിവസങ്ങളിൽ ചോറിനും ഭക്ഷണ പദാർഥങ്ങൾക്കും ചുവപ്പു നിരം വരുത്തുന്നതിന് ഈ പഴവും കുരുവും കൂടി അതിൽ ചേർക്കും. തായ്ലൻഡിൽ വർഷത്തിൽ ഒരു പ്രാവശ്യം കായ്ക്കുന്ന പഴം കേരളത്തിൽ രണ്ടു പ്രാവശ്യം കായ്ക്കും. ഒരു വർഷത്തോളം വേണം ഈ ചെടി പൂവിടാൻ.
മൂന്നു മാസം കൊണ്ട് പഴം വിളഞ്ഞ് പാകമാകും. ആണ് ചെടിയുടെ തണ്ടും ഇലയും വലിപ്പം കുറഞ്ഞതും പെണ് ചെടിയുടേത് വലിപ്പം കൂടിയതുമാണ്. ഇതിന്റെ വിത്തിൽനിന്നും ഓയിൽ ലഭിക്കുമെന്നതിനാൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാകും. തൊടുപുഴ കാഡ്സ്, ഗാന്ധിജി സ്റ്റഡി സെന്റർ, വണ്ണപ്പുറം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന എക്സിബിഷനിൽ അന്യം നിന്നു പോകുന്ന വിളകൾ കൃഷി ചെയ്യുന്നതിന് അവാർഡും ശലോമിക്ക് ലഭിച്ചിട്ടുണ്ട്. കാഡ്സിന്റെയും വണ്ണപ്പുറം കൃഷിഭവന്റെയും പിൻബലത്തിലാണ് ശലോമിയുടെ കൃഷി മുന്നോട്ടു നീങ്ങുന്നത്. ചാണകപ്പൊടി, എല്ലുപൊടി, ഗോമൂത്രം, മണ്ണിരകന്പോസ്റ്റ് എന്നിവയെല്ലാം ഉപയോഗിച്ച് ജൈവകൃഷി രീതിയാണ് ഇവർ പിന്തുടരുന്നത്.
വരുമാനത്തിലുപരി മണ്ണിനോടും കൃഷിയോടുമുള്ള മമത- അതാണ് ശലോമിയുടെ വിജയമന്ത്രം. സ്വന്തം മക്കളെപ്പോലയാണ് കൃഷിയിടത്തിലെ ഓരോ വിളകളുമെന്ന് ഇവർ പറയുന്നു. മക്കളായ ജേക്കബ്, പോൾ എന്നിവരുടെ ഒരുകൈ സഹായവും അമ്മയ്ക്കൊപ്പമുണ്ട്.