കൊച്ചി: മതം മാറിയ കാസർഗോഡ് ഉദുമ സ്വദേശിനി ആതിരയെ മാതാപിതാക്കൾക്കൊപ്പം വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ ആവശ്യപ്രകാരം ഇസ്ലാം മതവിശ്വാസം പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്നു മാതാപിതാക്കൾ നൽകിയ ഉറപ്പു കണക്കിലെടുത്താണ് ഉത്തരവ്.
ജൂലൈ ആദ്യമാണ് മതപഠനത്തിനായി ആതിര വീടുവിട്ടിറങ്ങിയത്. തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് ആയിഷയെന്നു പേരും മാറ്റി. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജൂലൈ 27ന് ആതിരയെ കണ്ണൂരിൽനിന്നു കണ്ടെത്തി. തുടർന്ന് ആതിരയെ മഹിളാ മന്ദിരത്തിലേക്കു മാറ്റി.
ഇതിനിടെ മകളെ കണ്ടെത്താൻ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് ഹർജി നൽകി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഹർജി പരിഗണിക്കവേ സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിനായി വീടു വിട്ടിറങ്ങിയതെന്ന് ആതിര വ്യക്തമാക്കി. മതപരമായ വിശ്വാസം തുടരാൻ അനുവദിച്ചാൽ വീട്ടിലേക്ക് മടങ്ങാൻ തയാറാണെന്നും ആതിര വിശദീകരിച്ചു.
ഇതംഗീകരിച്ചതോടെ മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറാണെന്ന് ആതിര അറിയിക്കുകയായിരുന്നു. അതേ സമയം തീവ്രവാദ സംഘടനകൾ പെണ്‍കുട്ടിയെ സ്വാധീനിക്കാനിടയുണ്ടെന്നു പോലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകാനും ഉത്തരവിൽ പറയുന്നു.