മുംബൈ: ബ്ലൂ വെയ്ൽ എന്ന ഓൺലൈൻ ഗെയിം കളിച്ചു മുംബൈയിൽ പതിന്നാലുകാരൻ അഞ്ചുനിലക്കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. ബ്ലൂ വെയ്ൽ ചലഞ്ച് കളിച്ചു ജീവനൊടുക്കിയ ഇന്ത്യയിലെ ആദ്യ സംഭവമാണിത്. അന്ധേരിയിലെ ഷേർ- ഇ - പഞ്ചാബിൽ ഇന്നലെ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കുട്ടി ചാടുന്നതുകണ്ട അടുത്തുള്ള ഫ്ലാറ്റിലുള്ള ആളാണു വിവരം പോലീസിൽ അറിയിച്ചത്. ആത്മഹത്യയിലേക്കു കുട്ടികളെ എത്തിക്കുന്ന ഈ ഗെയിം കളിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ നിരവധി കുട്ടികൾ ജീവനൊടുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവരെ പല കാര്യങ്ങളും ചെയ്യാൻ പ്രേരിപ്പിക്കുന്നതാണു ഗെയിം.
നീലത്തിമിംഗലത്തിന്റെ പടം പേപ്പറിലും ശരീരത്തും വരയ്ക്കാൻ ഗെയിമിന്റെ അഡ്മിൻ ആവശ്യപ്പെടും. പിന്നീടു പല ജോലികളും ചെയ്യിപ്പിക്കും. സാത്താൻ സിനിമകൾ ഒറ്റയ്ക്കിരുന്നു കാണാനും ശരീരത്തിൽ സ്വയം മുറിവേൽപ്പിക്കാനും നിർദേശിക്കും.
അങ്ങനെ ഗെയിമിന്റെ ലഹരിയിൽ അടിപ്പെടുന്നവരോട് അവസാനം ആത്മഹത്യചെയ്യാൻ ആവശ്യപ്പെടും. പ്രത്യേക മാനസികാവസ്ഥയിലാകുന്ന പലരും ഇതിനു തയാറാകും.അതിനാൽ ചില രാജ്യങ്ങൾ ഈ ഗെയിം നിരോധിച്ചിട്ടുണ്ട്. കുട്ടികൾ ഈ ഗെയിമിൽ അകപ്പെടാതെ നോക്കണമെന്നു പല രാജ്യങ്ങളിലെയും പോലീസ് മാതാപിതാക്കൾക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുംബൈയിൽ ജീവനൊടുക്കിയ കുട്ടി, ബ്ലൂവെയ്ൽ ചലഞ്ച് കളിക്കുന്നതിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി കൂട്ടുകാർ പോലീസിനു മൊഴി നല്കിയിട്ടുണ്ട്.ഇതുപ്രകാരം കുട്ടിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചുവരികയാണ്. മേഘ്വാടി പോലീസാണു കേസ് അന്വേഷിക്കുന്നത്.