സതൂര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ മുതിർന്ന നടനും സംവിധായകനുമായ ഭാഗ്യരാജ് നടി ഇനിയയെ അല്പം ക്രൂരമായി വിമർശിച്ചത് വാർത്തയായിരുന്നു. നടിയെ അഹങ്കാരി എന്ന് വരെ വിളിച്ചുകൊണ്ടാണ് ഭാഗ്യരാജ് വിമർശിച്ചത്.
ഇതിനു മറുപടിയുമായാണ് ഇനിയ രംഗത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ഇനിയ പങ്കെടുത്തില്ല എന്നതായിരുന്നു കാരണം. സ്വന്തം സിനിമ പ്രമോഷന് പങ്കെടുക്കുക എന്നത് ആർട്ടിസ്റ്റിന്റെ കടമയാണ്. പങ്കെടുക്കാതിരിക്കുന്നത് അഹങ്കാരമാണ്. ഇനിയയെ പോലൊരു നടിയെ ഇനി വിളിക്കുന്പോൾ നിർമാതാക്കൾ രണ്ടുവട്ടം ആലോചിക്കണം.
ഇനിയ അത്ര വലിയ താരമൊന്നുമല്ല എന്നത് ഓർത്താൽ കൊള്ളാം എന്നാണ് ഭാഗ്യരാജ് പറഞ്ഞത്. ആ സംഭവത്തിൽ തനിക്കൊട്ടും വേദനയില്ല, മറിച്ച് നന്ദിയുണ്ടെന്ന് ഇനിയ പറയുന്നു. അദ്ദേഹത്തോട് എനിക്കു ദേഷ്യമില്ല. ഭാഗ്യരാജ് സാർ അങ്ങനെ പറഞ്ഞതിൽ തനിക്കൊട്ടും വിഷമവുമില്ല. ചടങ്ങിലെ മുഖ്യാതിഥിയായിട്ടാണ് ഭാഗ്യരാജ് സാർ വന്നത്. സംഘാടകർ എന്താണോ പറഞ്ഞത് അത് മാത്രമേ അദ്ദേഹത്തിനറിയൂ. ഭാഗ്യരാജ് സാർ ഒരു സീനിയറാണ്. എനിക്കദ്ദേഹത്തോട് ആരാധനയും ബഹുമാനവുമുണ്ട്.
എന്തായാലും ഈ സംഭവത്തിന് നന്ദി. എന്നെ ഒട്ടും ഉത്തരവാദിത്വമില്ലാത്ത അഹങ്കാരിയായി ചിത്രീകരിച്ചതിന്. ഒരാളെക്കുറിച്ചും അതിന്റെ സത്യാവസ്ഥ അറിയാതെ വിമർശിക്കരുത് എന്ന ഒരു അപേക്ഷയുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാലാണ് ഓഡിയോ ലോഞ്ചിന് പങ്കെടുക്കാതിരുന്നത്. കാല് ഉളുക്കി വിശ്രമത്തിലാണ് ഞാൻ. പത്തുദിവസം വിശ്രമിക്കാനാണ് ഡോക്ടറുടെ നിർദ്ദേശം. ഇപ്പോഴും നടക്കുന്പോൾ പ്രയാസമുണ്ട്. കൂടാതെ ഭക്ഷ്യവിഷബാധയും ഉണ്ടായിരുന്നു. അഡയാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആ ദിവസങ്ങളിൽ ഞാൻ. മാത്രമല്ല എനിക്ക് ഓഡിയോ ലോഞ്ചിന് ക്ഷണവും ലഭിച്ചിട്ടില്ല.
സാധാരണ ഓഡിയോ ലോഞ്ചിന് ആർട്ടിസ്റ്റുകൾക്ക് പ്രത്യേക ക്ഷണം ലഭിക്കാറുണ്ട്. എന്നാൽ സത്തൂര അടി 3500 ന്റെ അണിയറപ്രവർത്തകരിൽ നിന്ന് എനിക്ക് അങ്ങനെ ഒരു ക്ഷണം ലഭിച്ചിട്ടില്ല. പകരം വാട്സാപ്പിൽ ഒരു മെസേജാണ് ലഭിച്ചത്. അതിന് മറുപടിയായി ഞാനെന്റെ കാലിന്റെ അവസ്ഥ അറിയിക്കാൻ ചിത്രമെടുത്ത് അയച്ചും കൊടുത്തു- ഇനിയ പറയുന്നു. ഇനിയ നായികയായി എത്തുന്ന ഹൊറർ ത്രില്ലർ സിനിമയാണ് സതൂര അടി 3500. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ പ്രേതമായിട്ടാണ് ഇനിയ അഭിനയിക്കുന്നത്. ചിത്രത്തിൽ ഇനിയയെ കൂടാതെ നിഖിൽ മോഹൻ, റഹ്മാൻ, പ്രതാപ് പോത്തൻ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.