കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരേ അഞ്ഞടിച്ച് ഗായിക സയനോര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് സയനോര പിസിയെ വിമര്‍ശിച്ചത്. ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആര്‍ വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയോട് നിര്‍ദ്ദേശിച്ചു. നാവിന് ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കില്‍ അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്ന് പറഞ്ഞാണ് സയനോര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിര്‍ഭയെക്കാള്‍ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. അങ്ങനയെങ്കില്‍ പിറ്റേദിവസം നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. നടി ഏത് ആശുപത്രിയിലാണ് പോയതെന്നുമാണ് പി സി ജോര്‍ജ് ചോദിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്നത് പുരുഷ പീഡനമാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന.
കേസില്‍ തെളിവു നല്കാന് താന്‍ പോവില്ലെന്നും അന്വേഷണ സംഘം തന്റെ വീട്ടില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയാമെന്നും പി സി പറഞ്ഞിരുന്നു. പുരുഷന്മാരുമായി സമ്മതത്തോടെ ശരീരം പങ്കിട്ട ശേഷം പീഡിപ്പിച്ചു എന്ന് പറഞ്ഞ് പരാതി നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. പൊലീസ് ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പിസി ജോര്‍ജിനെ വിമര്‍ശിച്ച് നടിയും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്ത് എത്തിയിരുന്നു.