നെയ്യാറ്റിന്‍കര: സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായി റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ യുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. ഇക്കഴിഞ്ഞ 22 നാണ് ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിന്മേല് പ്രത്യേക അന്വേഷണ സംഘം വിന്‍സെന്റ് എംഎല്‍എ യെ അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിന്‍സെന്റ് ജാമ്യഹര്‍ജി നല്‍കിയെങ്കിലും തള്ളിക്കളഞ്ഞു. അതിനിടെ നെയ്യാറ്റിന്‍കര സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിന്‍സെന്റിന് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം തുടരുന്നു. കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിയില്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ ഉയരാനിടയുണ്ടായിരുന്ന പ്രതിഷേധം മുന്നില്‍ കണ്ട് തയാറാക്കിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ആരോപണവും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രചരിപ്പിക്കുന്നുണ്ട്.
കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചു. ബാലരാമപുരത്ത് പനയത്തേരിയില്‍ ബിവറേജ്സ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെയുള്ള കേസില്‍ വിന്‍സെന്റിന്റെ പേരില്‍ നേരത്തെ ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ചാര്‍ജ്ജുകള്‍ ഒന്നാം പ്രതിയായി പോലീസ് പ്രഖ്യാപിച്ച വിന്‍സെന്റിനെതിരെ ചുമത്തപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ബാലരാമപുരം പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ ബിവറേജസ് ഔട്ട് ലെറ്റിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസുകാരുടെ പേരില്‍ മാത്രമേ കേസെടുക്കുന്നുള്ളൂ എന്നും ആരോപണമുണ്ട്.