ഉറക്കത്തിലായിരിക്കുന്ന കുഞ്ഞിനെ തട്ടിവിളിക്കുമ്പോള്‍ ആ കുഞ്ഞ് പ്രതികരിക്കാതിരിക്കുന്ന അവസ്ഥ ഒരമ്മയെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. സമാനമായ രീതിയില്‍ തനിയ്ക്കുണ്ടായ ഒരനുഭവമാണ്, അമേരിക്കക്കാരിയായ ജെന്നിഫര്‍ ആബ്മ ലോകത്തോട് പ്രത്യേകിച്ച്, കൊച്ചുകുട്ടികളുള്ള അമ്മമാരോട് പങ്കുവയ്ക്കുന്നത്. അതിങ്ങനെയാണ്…
ഉറങ്ങിക്കിടന്ന കുട്ടിയെ ജെന്നിഫര്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്നു മാത്രമല്ല മകളുടെ ദേഹമാകെ വിയര്‍ത്തൊലിച്ച് ചുവന്നനിറമായിരുന്നു. തൊട്ടുനോക്കിയപ്പോഴാകട്ടെ ദേഹമാകെ കൊടുംചൂടും! ഉടന്‍തന്നെ ജെന്നിഫര്‍ ആശുപത്രിയിലേക്കു ഫോണ്‍ ചെയ്തു. മെഡിക്കല്‍ സംഘം പാഞ്ഞെത്തി. കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ ജെന്നിഫറിന്റെ മൂന്നുവയസ്സുകാരി മകള്‍ എനസ്തേഷ രക്ഷപ്പെടുകയും ചെയ്തു. താപാഘാതം (Heatstroke) ഏറ്റതായിരുന്നു എനസ്തേഷയ്ക്ക്. ഏറെനേരം സൂര്യപ്രകാശമേല്‍ക്കേണ്ടി വരുമ്പോഴാണ് സാധാരണ താപാഘാതം ഉണ്ടാകാറുള്ളത്. ‘സൂര്യാതപവും'(Sunstroke) സമാനമായി സംഭവിക്കുന്നതാണ്. പക്ഷേ അന്നേ ദിവസം വീടിനു പുറത്തിറങ്ങാതിരുന്ന മകള്‍ക്ക് ഇതെങ്ങനെ സംഭവിച്ചു എന്നാണ് ജെന്നിഫറിന് മനസിലാകാത്തത്. അതിനാല്‍ത്തന്നെ മകളുടെ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ സഹിതം ആ അമ്മ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റുമിട്ടു.
കുട്ടികളുടെ മുറിയിലെ ചൂട് എല്ലായ്പ്പോഴും നിരീക്ഷിക്കണമെന്നും വീടിനു പുറത്തിറങ്ങാതെ തന്നെ കുട്ടികള്‍ക്ക് താപാഘാതം ഏല്‍ക്കുമെന്നും മറ്റു മാതാപിതാക്കളെ ഓര്‍മിപ്പിച്ചു കൊണ്ടാണ് ജെന്നിഫറിന്റെ പോസ്റ്റ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ലക്ഷക്കണക്കിനാളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തതത്. വിവരങ്ങളെല്ലാം ഫോണില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ എല്ലാ എമര്‍ജന്‍സി സംവിധാനങ്ങളും മെഡിക്കല്‍ സംഘം ഒപ്പം കൊണ്ടു വന്നിരുന്നു. ഷുഗര്‍ ലെവല്‍ പരിശോധിച്ചപ്പോള്‍ 1.2 മാത്രം. നാലിനു മുകളില്‍ വരേണ്ട സ്ഥാനത്താണത്. ഉടനെ തന്നെ കുട്ടിക്ക് സുക്രോസ് നല്കി. അത് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ മിനിറ്റുകള്‍ക്കകം ബോധം തെളിഞ്ഞ് പേടിയോടെ അലറിക്കരയാന്‍ തുടങ്ങി, കുട്ടി.
ജീവിതത്തിലെ ഏറ്റവും ഭയാനകമായ അന്തരീക്ഷത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ജെന്നിഫര്‍ പറയുന്നു. ഇടയ്ക്ക് മകളെ നോക്കാനായി മുകളിലേക്ക് വന്നില്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ അവസ്ഥയെന്നോര്‍ത്ത് ആ അമ്മയ്ക്ക് ഇപ്പോഴും ഞെട്ടലാണ്. വീടിനു പുറത്തേക്കിറങ്ങാതെ തന്നെ താപാഘാതം ഏറ്റതറിഞ്ഞാണ് ജെന്നിഫര്‍ ഏറെ പേടിക്കുന്നത്. കുട്ടികളുടെ മുറിയിലേക്ക് ഇടയ്ക്കിടെ കയറി പരിശോധിക്കേണ്ടതാണെന്നും അവര്‍ മുന്നറിയിപ്പു നല്കുന്നു. മുതിര്‍ന്നവര്‍ക്ക് താങ്ങാനാവുമെങ്കിലും പലപ്പോഴും കൊടുംചൂടില്‍ കുട്ടികള്‍ തളര്‍ന്നു പോകും. വിയര്‍ത്ത് ജലാംശവും നഷ്ടമാകും. വെയിലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ പെടുന്ന അതേ അവസ്ഥയായിരിക്കും അത്തരം ഘട്ടങ്ങളില്‍. വെയിലത്ത് നില്ക്കുമ്പോള് മാത്രമല്ല, ഏറെ നേരം ചൂടേറിയ മുറിയില്‍ കിടന്നാലും താപാഘാതം ഏല്ക്കുമെന്നതാണ് മെഡിക്കല്‍ സംഘവും നല്കുന്ന മുന്നറിയിപ്പ്. ചൂടുകൂടുമ്പോള്‍ ശരീരത്തിന് സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ മരണത്തിനുവരെ കാരണമാവുന്ന അവസ്ഥയാണിത്.