തലശേരി: നിയന്ത്രണംവിട്ട പിക്കപ്പ്വാന്‍ റെയില്‍വെ ഗേറ്റിലിടിച്ച് റെയില്‍പാളത്തിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് റെയില്‍വെ ഗേറ്റ് തകരുകയും രണ്ട് മണിക്കൂര്‍ റെയില്‍ ഗതാഗതവും 12 മണിക്കൂര്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. ഇന്നലെ രാത്രി 11.30 ഓടെ ടെമ്പിള്ഗേറ്റിലായിരുന്നു സംഭവം. ചൊക്ലി ഭാഗത്തു നിന്നും തലശേരിയിലേക്ക് വരികയായിരുന്ന പിക്കപ്പ്വാനാണ് ടെമ്പിള്‍ഗേറ്റിലെ റെയില്‍വേ ഗേറ്റ് തകര്‍ത്തത്.
ട്രെയിന്‍ കടന്നുപോയ ശേഷം ഗേറ്റ്മാന് ഗേറ്റ് തുറക്കാന്‍ ശ്രമിക്കവെയാണ് അമിത വേഗതയിലെത്തിയ വാന്‍ ഗേറ്റിലിടിച്ചത്. ഇതേ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള റെയില്‍ ഗതാഗതം രണ്ട് മണിക്കൂര്‍ തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് അപകടത്തിൽ പെട്ട വാന്‍ റെയില്‍പാളത്തില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് പുലർച്ചെ 1.30 ഓടെ റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. തുടര്‍ന്ന് ചങ്ങല ഉപയോഗിച്ച് റെയില്‍വെ ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു.
ഇന്ന് രാവിലെ 11.30 ഓടെ തകരാറിലായ റെയില്‍വേ ഗേറ്റ് നന്നാക്കിയ ശേഷമാണ് ഗേറ്റ് തുറന്ന് തലശേരി-കുറ്റ്യാടി റൂട്ടിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. മദ്യപിച്ച് ലക്കുകെട്ട് വാന്‍ ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വാന്‍ ഡ്രൈവര്‍ ചൊക്ലി സ്വദേശി രഞ്ജിത്തിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ പിക്കപ്പ്വാന്‍ തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.