സിജി ഉലഹന്നാൻ
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പോലീസുകാരെയും തടഞ്ഞുനിര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തിൽ പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരായ കേസ് സർക്കാർ പിന്‍വലിച്ചത് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ അറിയാതെ. കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് കോടതിയിൽ നിന്ന് അയച്ച സമൻസ് പരാതിക്കാരനായ ആലക്കോട് മുൻ സിഐ എം.എ.മാത്യുവിന് എത്തിക്കാതെ പോലീസ് മുക്കി. പരാതിക്കാരൻ ഹാജരാകാതിരുന്നതോടെ പ്രോസിക്യൂട്ടറുടെ അപേക്ഷ പരിഗണിച്ച് കേസ് പിൻവലിക്കാൻ കണ്ണൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ജൂൺ 30ന് സർക്കാരിന് അനുവാദം നൽകുകയായിരുന്നു.
സിഐ പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കേസ് പിൻവലിച്ചു എന്ന രീതിയിൽ കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് പരാതിക്കാരൻ സംഭവം അറിയുന്നത്. കേസ് പിൻവലിച്ചതു സംബന്ധിച്ച് യാതൊരു മനസ്സറിവുമില്ലെന്ന് ഇപ്പോൾ കാസർഗോഡ് സ്പെഷൽബ്രാഞ്ച് സിഐയായ എം.എ.മാത്യു രാഷ്ട്രദീപികയോട് പറഞ്ഞു. ” മാധ്യമങ്ങളിൽ നിന്നാണ് ഇതുസംബന്ധിച്ച് ഞാൻ വിവരം അറിയുന്നത്. അന്വേഷിച്ചപ്പോൾ കഴിഞ്ഞ ജൂൺ 30ന് ഈ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ കണ്ണൂർ ടൗൺ പോലീസ് മുഖേന സമൻസ് അയച്ചിരുന്നതായി അറിയാൻ കഴിഞ്ഞു.
സമൻസ് കിട്ടാത്തതിനെക്കുറിച്ച് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ സമയക്കുറവുകാരണം എത്തിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി.’- സിഐ മാത്യു പറഞ്ഞു. 2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പോലീസിനേയും സംഘം ചേര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നായിരുന്നു സിഐയുടെ പരാതി.
അന്ന് ആലക്കോട് സിഐയായിരുന്ന എം.എ.മാത്യുവിന്റെ പരാതിയിൽ സിപിഎം നേതാക്കളായ പി.ജയരാജന് , എം.വി.ജയരാജന്, പി.കെ. ശ്രീമതി, എ.എന്‍ .ഷംസീര്‍, കെ.പി.സഹദേവന്, എം.വി.സരള, കെ.കെ.രാഗേഷ്, എം.പ്രകാശന്, അരക്കന്‍ ബാലന്, എൻ.ചന്ദ്രന് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച് കഴിഞ്ഞ ജൂൺ 21നാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയത്. ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് സമൻസ് അയയ്ക്കാൻ നിർദേശിച്ച് കോടതി കേസ് 30ലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ, സമൻസ് ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാരനായ സിഐക്ക് കോടതിയിൽ ഹാജരാകാനായില്ല.സമൻസ് വിവരം നേരിട്ടെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോണിലോ ഇ-മെയിൽ വഴിയോ അറിയിക്കാം. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളിൽ വയർലസ് മുഖേന സമൻസ് വിവരങ്ങൾ അറിയിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള യാതൊരു നടപടിയും ഈ കേസിന്റെ കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് വിവാദമാകുകയാണ്. കേസ് പിൻവലിച്ച സർക്കാർ നിലപാടിനെതിരേ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു.