കോട്ടയം: അൻപത് കിലോഗ്രാമിൽ കൂടുതലുള്ള ചാക്കിലാണ് സാധനങ്ങൾ എത്തിക്കുന്നതെങ്കിൽ അത് ലോറിയിൽ തന്നെയിരിക്കും. താഴേക്കിറങ്ങില്ല. കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ വ്യാപാരികൾക്ക് മുന്നറിയിപ്പു നല്കി. ഇന്നലെ ഇതിന്റെ പേരിൽ ഒരു മണിക്കൂർ പണിമുടക്കും നടത്തി. ഇനി മേൽ 50 കിലോഗ്രാമിൽ കൂടു തൽ എത്തിക്കില്ലെന്ന ഉറപ്പിൻമേലാണ് ഇന്നലെ പണിമുടക്ക് പിൻവലിച്ചത്.
സസ്യമാർക്കറ്റിലും എംഎൽ റോഡിലും ചുമട്ടുതൊഴിലാളികൾ ഇന്നലെ പണിമുടക്കി. 50 കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള ചാക്കുകെട്ടുകൾ കൈകാര്യം ചെയ്യില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. ഒടുവിൽ ഇക്കാര്യം ചർച്ച ചെയ്തു പരിഹരിക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
എല്ലാ യൂണിയനിലും ഉൾപ്പെട്ട ചുമട്ടു തൊഴിലാളികൾ ഇതുസംബന്ധിച്ചു കഴിഞ്ഞ മാസം വ്യാപാരികൾക്ക് നോട്ടീസ് നല്കിയിരുന്നു. 70, 80 കിലോഗ്രാം ചാക്കുകെട്ടുകൾ ഏകീകരിച്ച് 50 കിലോഗ്രാമാക്കണമെന്നും അല്ലാത്ത പക്ഷം ലോഡിറക്കില്ലെന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.
ഇന്നലെയും 50 കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള ചാക്കുകെട്ടുകൾ ഇറക്കേണ്ടി വന്നതാണ് സമരത്തിലേക്ക് നീങ്ങാൻ കാരണമായത്. ഇക്കാര്യത്തിൽ പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാൻ നിർബന്ധിതരാകുമെന്ന് ചുമട്ടുതൊഴിലാളികൾ മുന്നറിയിപ്പു നല്കുന്നു.