ചാലക്കുടി: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനു തിരികെ നൽകി ഇതര സംസ്ഥാന തൊഴിലാളി മാതൃകയായി. യുണേറ്റഡ് പ്ലൈവുഡ് കന്പനിയിലെ തൊഴിലാളിയായ അസാം സ്വദേശി മുസ്തഫയാണ് മാതൃകയായത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ഷോപ്പിൽനിന്നും ഇറങ്ങിവരുന്പോഴാണ് മുസ്തഫയ്ക്ക് പണം അടങ്ങിയ പൊതി കളഞ്ഞുകിട്ടിയത്
. പൊതി തുറന്നുനോക്കിയപ്പോൾ 43,000 രൂപയുണ്ടായിരുന്നു. അടുത്ത കടയിൽചെന്ന് വിവരം അറിയിച്ചു. കടയിൽനിന്നും പോലീസിനേയും പണം കിട്ടിയ വിവരം അറിയിച്ചു. പണം നഷ്ടപ്പെട്ട പടിഞ്ഞാറെ ചാലക്കുടി മഞ്ഞനത്ത് സലീജ് പരാതിയുമായി പോലീസിൽ എത്തിയപ്പോഴാണ് കളഞ്ഞുപോയ പണം അസാം സ്വദേശിക്ക് ലഭിച്ച വിവരം അറിയുന്നത്.
എസ്ഐ ജയേഷ് ബാലൻ മുസ്തഫയെ വിളിച്ചുവരുത്തി പോലീസ് സ്റ്റേഷനിൽവച്ച് പണം സലീജിന് കൈമാറി. മുനിസിപ്പൽ കൗൺസിലർ എം.പി. ഭാസ്കരനും സന്നിഹിതനായിരുന്നു.