കോഴിക്കോട്: ഇത്തവണ ഓണത്തിന് കൈപൊള്ളില്ല, കീശ കാലിയാകുകയുമില്ല. വിലക്കുറവിൽ സാധനങ്ങൾ വിപണിയിലെത്തിക്കാൻ കണ്‍സ്യൂമർഫെഡ് സംസ്ഥാനത്തെ സഹകരണ സ്ഥാപ്യൂങ്ങളുമായി ചേർന്ന് ഓണച്ചന്തകൾ തുടങ്ങുന്നു. ഓഗസ്റ്റ് 25ന് ആരംഭിക്കുന്ന ഓണച്ചന്തകൾ സെപ്റ്റംബർ മൂന്നുവരെ തുടരും. ആഘോഷാവസരങ്ങളിലെ വിലവർധനവ് തടയുന്നതിനായി പ്രത്യേക ഓണച്ചന്തകൾ സ്ഥാപിക്കാൻ സർക്കാർ കണ്‍സ്യൂമർ ഫെഡിന് 60കോടി രൂപ സബ്സിഡി അനുവദിച്ചതായി കണ്‍സ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് വാർത്താ സമ്മളനത്തിൽ പറഞ്ഞു.
2017ലെ ഓണം കണ്‍സ്യൂമർ ഫെഡിനൊപ്പം എന്ന ശീർഷകവുമായി നടത്തുന്ന ചന്തകൾ വിപണിയിലെ വിലക്കയറ്റത്തെ ഒരു പരിധിവരെ പിടിച്ചു നിർത്തുന്നതായിരിക്കുമെന്ന് മെഹ്ബൂബ് പറഞ്ഞു. ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെള്ളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങി 13 സബ്സിഡി ഇനങ്ങൾ ഉൾപ്പെടെ തെരഞ്ഞെടുത്ത 38 ഇനം സാധനങ്ങളാണ് ഓണചന്തകളിൽ ലഭ്യമാകുക.
സംസ്ഥാനത്തെ 961 പഞ്ചായത്തുകളിൽ 2575 ചന്തകൾ , മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി 691 ചന്ത്രകൾ , 196 ത്രിവേണിവഴിയും 15 മൊബൈൽ ത്രിവേണി വഴിയും 3477 ചന്തകൾ സജ്ജമാക്കും. ഇതിൽ 213 വനിതാ സഹകരണ സംഘങ്ങൾ, 60 എസ്എസ്എറ്റി സംഘങ്ങൾ, 143 എംപ്ലോയീസ് സഹകരണ സംഘങ്ങൾ, 91 കാർഷിക സഹകരണ സംഘങ്ങൾ എന്നിവയും ഉൾപ്പെടും. ഇത് കൂടാതെ 2481 പ്രൈമറി സഹകരണ സംഘങ്ങളും സംഘാടകരായിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങളിലേക്കും ഗുണഫലങ്ങൾ എത്തിക്കുകയാണ് കണ്‍സ്യൂമർഫെഡ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. ഇത്തവണത്തെ ഓണച്ചന്തയുടെ പ്രധാന ആകർഷണമാണ് ഓണം ബാസ്കറ്റ്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നൽക്കുന്ന ഓണം ബാസ്കറ്റിൽ ഒരു ചെറിയ കുടുംബത്തിന് വേണ്ടതെല്ലാം ഉണ്ടായിരിക്കും. അതുപോലെ തിരവവന്തപുരത്ത് ഓണത്തോടനുബന്ധിച്ച് ഓണ്‍ലൈനിൽ ബുക്ക് ചെയ്താൽ ആളുകൾക്ക് സാധനം വീട്ടിലെത്തിക്കുന്ന സംവിധാനവും വിപുലമായ സംസ്ഥാന ചന്തയും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.