ബ്ലൂ വെയില്‍ എന്ന കൊലയാളി ഗെയിം കേരളത്തിലും! കണ്ടെത്തിയത് ഓണ്‍ലൈന്‍ സൈറ്റുകളിലെ പരസ്യ ഏജന്‍സികള്‍; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പോലീസ് നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവയൊക്കെ

‘കൊലയാളി ഗെയിം’ എന്നറിയപ്പെടുന്ന വിവാദ മൊബൈല്‍ ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പോലീസ്. കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ ചാവക്കാട് കടല്‍കാണാന്‍ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ആ കുട്ടികളുടെ രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ബ്ലൂ വെയില്‍ എന്ന ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ് കേരളത്തില്‍ ഈ ഗെയിം പ്രചരിക്കുന്നതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കള്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഈ ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇത്തരത്തില്‍ ജീവനൊടുക്കിയെന്നാണു റിപ്പോര്‍ട്ട്. മുംബൈയില്‍ കഴിഞ്ഞദിവസം കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരന്‍ മന്‍പ്രീത് സിങ് സഹാനി ഈ ഓണ്‍ലൈന്‍ കളിയുടെ ഇരയാണെന്ന് തെളിഞ്ഞിരുന്നു.

ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു.

ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്‌കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്. ഒരു വട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത ബ്ലൂ വെയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. യുഎഇയിലും, ബ്രിട്ടനിലെ ചില സ്‌കൂളുകളിലും ഗെയിം ഉപയോഗിക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

കുട്ടികള്‍ ഈ ഗെയിം കളിക്കുന്നുണ്ടോ എന്നറിയാനും അവര്‍ അതിന് അടിപ്പെടാതിരിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. താഴെപ്പറയുന്നവയാണവ. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനുള്ള കംപ്യൂട്ടറോ ലാപ്‌ടോപ്പോ കുട്ടികള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൗമാരക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ രക്ഷിതാക്കള്‍ അവരുടെ ഫോണ്‍ നിരന്തരം പരിശോധിക്കുക. ഉറക്കമില്ലായ്മ, അരിശം, ദേഷ്യം, നിരാശ എന്നിവ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ വ്യക്തമായി ചോദിച്ച് മനസിലാക്കണം. പുലര്‍ച്ചെ ഉണര്‍ന്നു പാട്ടുകേള്‍ക്കല്‍, റൂമില്‍ കയറി ഉച്ചത്തില്‍ പാട്ട് വയ്ക്കല്‍, രാത്രി വൈകിയും ടിവി കാണല്‍ എന്നിവ അനുവദിക്കരുത്. കുട്ടികള്‍ ഏതൊക്കെ ഗെയിമുകളാണ് കളിക്കുന്നത്, അവരുടെ ഫോണിലും ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലുമൊക്കെ ഏതൊക്കെ ഗെയിമുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് എന്നീ കാര്യങ്ങള്‍ കൃത്യമായി, അടിയ്ക്കിടെ പരിശോധിക്കുക. കഴിവതും കുട്ടികളെ മൊബൈല്‍ ഗെയിമുകളില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണ്ടതാണ്.

 

Related posts