ലണ്ടന്‍: പതിനാറാമത് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് നാളെ ലണ്ടനില്‍ തുടക്കമാകും. ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിന് സാക്ഷിയാകുന്ന മേള എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. തന്റെ കരിയറിലെ അവസാന മേളയില്‍ ഒരിക്കല്‍ കൂടി ട്രാക്കില്‍ തിളങ്ങാനുള്ള തീരുമാനവുമായാണ് താരം വരുന്നത്. തന്റെ സുവര്‍ണ ഇനമായ 100 മീറ്ററില്‍ ബോള്‍ട്ട് മാറ്റുരയ്ക്കും. കിരീടം തന്റെ ശിരസ്സില്‍ നിലനിര്‍ത്തിക്കൊണ്ടാവും വിടവാങ്ങല്‍ എന്ന് ബോള്‍ട്ട് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യക്കു വേണ്ടി 24 അത്ലറ്റുകൾ മാറ്റുരയ്ക്കും.
ബോള്‍ട്ടിന്റെ ഇത്തവണത്തെ സീസണ് ആരംഭിച്ചത് മന്ദഗതിയിലായിരുന്നു. മോണക്കോ ഡയമണ്ട് ലീഗില്‍ രണ്ടു തവണ 10 സെക്കന്റില്‍ കൂടുതല്‍ സമയമെടുത്താണ് താരം ഫിനിഷ് ചെയ്തത്. പക്ഷേ കഠിന പരിശീലനത്തിനൊടുവില്‍ ഞാൻ ഫോം വീണ്ടെടുത്തു. എറ്റവുമൊടുവില്‍ 9.95 സെക്കന്റില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞു. ശരിയായ ദിശയിലാണ് എന്റെ പരിശീലനം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കാനാവില്ല എന്ന വിശേഷണത്തോടെയാവും താന്‍ വിരമിക്കുക -ബോള്‍ട്ട് പറഞ്ഞു.
2008 ബെയ്ജിംഗ് ഒളിമ്പിക്സില്‍ സ്പ്രിന്റില്‍ രണ്ട് വ്യക്തിഗത സ്വര്‍ണവുമായി വേട്ട തുടങ്ങിയ ബോള്‍ട്ട് തുടര്‍ന്നു വന്ന ഒളിമ്പിക്സുകളിലും സ്വര്‍ണക്കൊയ്ത്ത് തുടര്‍ന്നു. ഇതിനോടകം 11 വേള്‍ഡ് ടൈറ്റിലും സ്വന്തമാക്കി. 100 മീറ്ററില്‍ 9.58 സെക്കന്റും 200 മീറ്ററില്‍ 19.19 സെക്കന്റുമായി ലോക റിക്കാര്‍ഡിട്ടു. 2009 ലെ ലോകചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ നേട്ടം. ഈയിനങ്ങളില്‍ താന്‍ സ്ഥാപിച്ച റിക്കാര്‍ഡ് എന്നും നിലനില്‍ക്കുമെന്നു തന്നെയാണ് താരത്തിന്റെ വിശ്വാസം. ‘’എന്റെ മക്കളുടെ പതിനഞ്ചാം വയസിലും ഞാന്‍ തന്നെയായിരിക്കും ഒന്നാമനായി തുടരുക’’എന്ന തമാശയിലും താരത്തിന്റെ ആത്മവിശ്വാസം പ്രകടമാണ്.
ദീര്‍ഘദൂര ഓട്ടക്കാരന് മോ ഫോറയുടെ കരിയറിന് ഈ ലോക ചാമ്പ്യന്‍ഷിപ്പോടെ തിരശീല വീഴും. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ സ്റ്റേഡിയത്തില്‍ 10000, 5000 മീറ്ററുകളില്‍ ഐതിഹാസിക വിജയം നേടിയ താരമാണ് മോ ഫറ. പിന്നീട് റിയോയിലും വിജയം ആവര്‍ത്തിച്ചു.
അതിനു മുമ്പ് ഒരു ബ്രിട്ടീഷ് അത്ലറ്റിനും നേടാനാവാത്ത വിജയമായിരുന്നു അത്. ലണ്ടനില്‍ തന്റെ വിജയം മൂന്നാമതും ആവര്‍ത്തിച്ച് ട്രാക്ക് വിടാനാണ് മോയുടെ ആഗ്രഹം. അയ്യായിരം പതിനായിരം മീറ്ററുകളില്‍ ലോക റിക്കാർഡ് സ്ഥാപിച്ച ഒരു താരത്തിന് വിജയമാവര്ത്തിക്കാനാകുമെങ്കിലും മുപ്പത്തിനാലാം വയസില്‍ ഇത് സാധ്യമാകണമെങ്കില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.
പതിനേഴാം വയസ്സില്‍ 400 മീറ്ററില്‍ മൈക്കല്‍ ജോണ്സണ് സ്ഥാപിച്ച ലോകറെക്കോര്‍ഡ് റിയോ ഒളിമ്പിക്സില്‍ തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ താരം വേയ്ഡെ വാന്‍ നീകിര്ക്കിന് ഈ ലോക ചാമ്പ്യന്‍ഷിപ്പ് സുവര്‍ണാവസരമാണ്. ബോള്‍ട്ടിന്റെ പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്നത് 25 കാരനായ ഈ താരമാണ്.
ബോള്‍ട്ടിനേക്കാള്‍ കേമന്‍ എന്ന് മാധ്യമങ്ങള്‍ കിര്‍ക്കിനെ വാഴ്ത്തി തുടങ്ങി. റിയോയില്‍ 400 മീറ്റര്‍ 43.03 സെക്കന്റില്‍ ഫിനിഷ് ചെയ്ത കിര്‍ക്കിന് ലണ്ടനില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.