തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു! ദിലീപിനെ രക്ഷിക്കാന്‍ നാദിര്‍ഷ തെളിവുകള്‍ നശിപ്പിച്ചുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി; നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയും കുരുക്കില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സംവിധായകനും നടനുമായ നാദിർഷയും കുടുങ്ങുമെന്ന സൂചന നൽകി അന്വേഷണ സംഘം. ദിലീപിനെ രക്ഷിക്കാൻ നാദിർഷ തെളിവുകൾ നശിപ്പിച്ചുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. കേസിൽ നാദിർഷയും പ്രതിയാകുമെന്നാണ് ലഭിക്കുന്ന വിവരം. നാദിർഷയെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം സൂചന നൽകുന്നുണ്ട്.

പൾസർ സുനിയെ അറിയില്ലെന്നാണ് ആദ്യ ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞത്. ജയിലിൽ നിന്നും തനിക്ക് ഭീഷണി സന്ദേശം എത്തിയെന്നും ഇതാണ് ദിലീപിനൊപ്പം പരാതി നൽകാൻ കാരണമെന്നുമായിരുന്നു നാദിർഷയുടെ മൊഴി. പോലീസ് ഇക്കാര്യം ആദ്യം വിശ്വസിച്ചെങ്കിൽ സുനിയെയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെയും ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു.

എന്നാൽ കൃത്യത്തിന് മുൻപ് സംഭവത്തെക്കുറിച്ച് നാദിർഷയ്ക്ക് അറിവില്ലായിരുന്നു എന്നു തന്നെയാണ് പോലീസിന്‍റെയും നിഗമനം. സംഭവശേഷം തെളിവുകൾ നശിപ്പിക്കാനും കേസിൽ നിന്ന് ഒഴിവാകാനും നാദിർഷയുടെ ഇടപെടലും ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

Related posts