വിവാദ ഉത്തരവുകള്‍ കൊണ്ട് ആളുകളെ അമ്പരിപ്പിക്കുക എന്നത് ഇപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ പതിവായിരിക്കുകയാണ്. മഹാസഖ്യം വിട്ട് ബിജെപിയോട് കൂട്ടുചേര്‍ന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭരിക്കുന്ന ബീഹാറിലാണ് ഇപ്പോള്‍ പുതിയ വിവാദം രൂപപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ കന്യകാത്വം വ്യക്തമാക്കണമെന്ന ബീഹാര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ആവശ്യമാണ് വിവാദമായിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളോട് വിവാഹവിവരങ്ങള്‍ ആവശ്യപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇതാദ്യാമായിട്ടാണ് കന്യകാത്വം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ദിരാഗാന്ധി മെഡിക്കല്‍ സയന്‍സില്‍ പുതുതായി ജോലിക്കെത്തുന്നവര്‍ക്കായുള്ള അപേക്ഷാ ഫോമിലാണ് വിവാദ ആവശ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനുപുറമെ ഉദ്യോഗാര്‍ഥികളുടെ ഭാര്യമാരുടെയും ഭര്‍ത്താക്കന്മാരുടെയും എണ്ണവും പങ്കാളിയുടെ മുന്‍ വിവാഹ വിവരങ്ങളും ഫോമില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പുതുതായി അധികാരമേറ്റ ജെഡിയു-ബിജെപി സര്‍ക്കാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരം ചോദ്യങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ആശുപത്രി മേധാവി മനീഷ് മണ്ഡല്‍ പറഞ്ഞു. ഫോമിനെതിരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. കന്യകാത്വമൊക്കെ എങ്ങനെ വെളിപ്പെടുത്തുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.