കുമരകം: പുകക്കുഴലിനു മുകളിൽ 80 അടി ഉയരത്തിൽ ബോധം നഷ്ടമായ സഹപ്രവർത്തകൻ കൈയിൽ തൂങ്ങിയാടുന്പോഴും നിതിൻ പതറിയില്ല. പെരുമഴ പെയ്തിറങ്ങുന്പോഴും കൂട്ടുകാരനെ തോളിലേറ്റി നിതിൻ ഇരുന്നത് ഒരു മണിക്കൂറിലേറെ. ഫയർഫോഴ്സ് എത്തി വലയിൽ സുഹൃത്തിനെ താഴെ എത്തിക്കുന്നതുവരെ ആകാശത്തിൽ ജീവന്മരണ പോരാട്ടം നടത്തുകയായിരുന്നു നിതിനും.
അവസാനം താഴെ ഇറങ്ങിയപ്പോൾ അതുവരെ നെഞ്ചിടിപ്പോടെ കാത്തുനിന്ന ജനം കെട്ടിപ്പിടിച്ച് നിതിനെ അഭിനന്ദിച്ചു. കുമരകം പള്ളിച്ചിറയ്ക്കു സമീപം കുമ്മായ സഹകരണസംഘത്തിന്റെ നിർമാണത്തിലിരിക്കുന്ന പുകക്കുഴലിന്റെ മുകളിൽവച്ചാണ് അജിത് എന്ന യുവാവിനു ബോധക്ഷയമുണ്ടായത്.
ഇന്നലെ രാവിലെ എറണാകുളം ന്യൂഫാസ് ഇറക്ടേഴ്സ് കന്പനിയിലെ അഞ്ചു തൊഴിലാളികളാണ് ചൂളപ്പുരയിൽ പുകക്കുഴൽ നിർമാണം ആരംഭിച്ചത്. അജിത്, ജിതിൻ, സുമേഷ് എന്നിവർ പുകക്കുഴലിനു മുകളിലും വിനോദ്കുമാർ, ജിബി എന്നിവർ താഴെയുമായിരുന്നു.
80 അടി ഉയരത്തിലെത്തിയപ്പോൾ തനിക്കു തലചുറ്റുന്നതായി അജിത്ത് നിതിനോടു പറഞ്ഞു. ഉടൻ താഴേക്കിറങ്ങാൻ നിതിൻ പറഞ്ഞു. എന്നാൽ, അതിനു കഴിയുംമുന്പേ അബോധാവസ്ഥയിൽ താഴേക്കു ചരിഞ്ഞ അജിത്തിനെ ചാടിവീണു പിടിച്ച നിതിൻ സുരക്ഷാ ബെൽറ്റിന്റെ സഹായത്തോടെ തോളിലേറ്റി.