മുംബൈ: സ്വദേശിവത്കരണം മുഖ്യ മുദ്രാവാക്യമായി എടുത്തിരിക്കുന്ന ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവ്യാപാര രംഗത്തേക്കുകൂടി തിരിയുന്നു. സ്വദേശി ലേബലിൽത്തന്നെ വസ്ത്രവ്യാപാരമേഖലയും പിടിച്ചടക്കുകയാണ് കന്പനിയുടെ ലക്ഷ്യം.
കൈയിലൊതുങ്ങുന്ന വിലയ്ക്ക് ലോകോത്തര നിലവാരമുള്ള സ്വദേശിവസ്ത്രങ്ങൾ അടുത്ത വർഷം മുതൽ വിതരണത്തിനെത്തിക്കാനാണ് തീരുമാനം. മുതിർന്നവർക്കും കുട്ടികൾക്കുമായി വിതരണത്തിനെത്തുന്ന പുതിയ ബ്രാൻഡിലൂടെ ആദ്യവർഷം 5,000 കോടിയുടെ ബിസിനസ് നേടാനാകുമെന്നാണ് പതഞ്ജലിയുടെ പ്രതീക്ഷ.
ഇപ്പോഴത്തെ വിവരങ്ങളനുസരിച്ച് പരിധാൻ എന്ന ബ്രാൻഡിലായിരിക്കും പതഞ്ജലിയുടെ വസ്ത്രങ്ങളെത്തുക. എന്നാൽ, ഒന്നിൽ കൂടുതൽ ബ്രാൻഡുകൾ ആവിഷ്കരിക്കാനും സാധ്യതയുണ്ടെന്ന് പതഞ്ജലി വക്താവ് എസ്.കെ. തിജരവാല പറയുന്നു.
പരിധാൻ ബ്രാൻഡിന്റെ കീഴിൽ രാജ്യത്താകെ 250 ഒൗട്ട്ലെറ്റുകൾ അടുത്ത വർഷംതന്നെ ആരംഭിക്കും. ഇപ്പോൾ പതഞ്ജലിയുമായി കരാറുള്ള ബിഗ് ബസാറിലും വസ്ത്രങ്ങൾ ലഭ്യമാകും. കൂടാതെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ വഴിയും വിൽക്കാൻ പതഞ്ജലിക്കു പദ്ധതിയുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം ഉത്തരേന്ത്യയിൽ ഏതാനും കൈത്തെറി ഗ്രാമങ്ങളുമായി ധാരണയായിട്ടുണ്ട്.