കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടെ റണ്‍വേയിൽ നിന്നു തെന്നിമാറി വൻ ദുരന്തമൊഴിവായി. ഇന്നു രാവിലെ എട്ടിനു ബംഗളൂരൂവിൽ നിന്നെത്തിയ സ്പൈസ്ജെറ്റ് വിമാനമാണ് റണ്‍വേയിൽ നിന്നു അകന്നു പോയത്. വിമാനത്തിൽ 60 യാത്രക്കാരുണ്ടായിരുന്നു. ആർക്കും അപായമൊന്നുമില്ല. വിമാനം റണ്‍വേ വിട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി.
അഗ്നിശമനസേനയും രംഗത്തെത്തി. തുടർന്നു വിമാനം സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. വിമാനം ഇറങ്ങിയശേഷം റണ്‍വേയിൽ നിന്നു ഇടതുഭാഗത്തേക്കാണ് തെന്നി നീങ്ങിയത്. റണ്‍വേയുടെ വശങ്ങൾ തിരിച്ചറിയാനായി സ്ഥാപിച്ചിരുന്ന ലൈറ്റുകൾ അപകടത്തിൽ തകർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ചു പൈലറ്റിനോടു വിവരങ്ങൾ തേടിയിട്ടുണ്ട്. വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. ഉന്നത ഉദ്യോഗസ്ഥരും കരിപ്പൂരിലെത്തുന്നുണ്ട്.