മോഹന്‍ലാലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ മമ്മൂട്ടിയ്ക്ക് ഒടുക്കത്തെ ജാഡയാണെന്നാണ് പൊതുവെയുള്ള സംസാരം. സദാസമയവും അദ്ദേഹം മുഖത്ത് സൂക്ഷിക്കുന്ന ഗൗരവമാണ് മമ്മൂട്ടിയെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം ഉണ്ടാവാന്‍ കാരണം. ഇഷ്ടപ്പെടാത്തത് എന്തു കണ്ടാലും കയര്‍ത്തു സംസാരിക്കുകയും ചെയ്യും. എന്നാല്‍ മുഖത്തെ ഗൗരവം ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ തന്റെ മുഖം മൂടിയാണെന്ന് മമ്മൂട്ടി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഫോര്‍ട്ടു കൊച്ചിയില്‍ ഉണ്ടായ സംഭവം മമ്മൂക്കയെക്കുറിച്ചുള്ള മുന്‍വിധികളെ മാറ്റിമറിക്കുന്നതായിരുന്നു. ഫോര്‍ട്ടു കൊച്ചിയിലെ ആ സംഭവത്തിനു ദൃക്സാക്ഷിയായ റോബര്‍ട്ട് എന്നയാള്‍ കൊച്ചിയില്‍ നടന്ന സംഭവാകെ വിവരിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ തനിസ്വരൂപം മലയാളികള്‍ മനസിലാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ഇന്നലെ ഫോര്‍ട്ട് കൊച്ചിയില്‍ യാദൃശ്ചികമായി ഞാന്‍ സാക്ഷിയായ ഒരു സംഭവം, മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു… ആരോ ചിലര്‍ ആരോപിക്കുന്ന പോലെ മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ ‘ജാഡ’ ഒരിക്കല്‍ കൂടി നേരിട്ട് കണ്ടു. സംഭവം മറ്റൊന്നുമല്ല. പോത്തീസ് ടെക്‌സ്‌റ്റൈല്‍സിന്റെ പരസ്യം ഷൂട്ട് ചെയ്യുന്നിടമാണ് സംഭവ സ്ഥലം.സഞ്ചാരികളും തദ്ദേശീയരുമായ നൂറുകണക്കിന് ആളുകള്‍ കൂടി മെഗാ സ്റ്റാറിന്റെ വരവും പ്രതീക്ഷിച്ചു കാത്തു നില്‍ക്കുന്നു. ഇതിനിടെ ഫോര്‍ട്ട് കൊച്ചിയിലെ ലൊക്കേഷന്‍ മാനേജര്‍മാര്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നന്നേ പാട് പെടുന്നത് കാണാം. ഷൂട്ടിംഗ് വേഷത്തില്‍ തയ്യാറായി വരുന്ന മമ്മൂക്കയുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തരുതെന്നു, കൂട്ടത്തില്‍ മുതിര്‍ന്ന ലൊക്കേഷന്‍ മാനേജര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു (പരസ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങള്‍ ആയതുകൊണ്ടാവണം ഇങ്ങനെപറയുന്നതെന്നു ആരോ പറഞ്ഞത് ഓര്‍ക്കുന്നു) പെട്ടന്നാണ് സാക്ഷാല്‍ മെഗാ സ്റ്റാര്‍ കടന്നു വരുന്നത്. സ്വാഭാവികമായും ആള്‍കൂട്ടം ഇളകിയാര്‍ത്തു.
കാക്കി വേഷ ധാരിയായ ഒരാള്‍ ഇടയിലൂടെ പെട്ടന്ന് മുന്നോട്ടു വന്നു തന്റെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ചറപറാന്നു ചിത്രങ്ങള്‍ എടുക്കുന്നു. ഇത് കണ്ട ലൊക്കേഷന്‍ മാനേജര്‍ പൊട്ടിത്തെറിച്ചു. പറഞ്ഞാല്‍ മനസ്സിലാവില്ലേ, മൊബൈലില്‍ ആണോ ഫോട്ടോ എടുക്കുന്നത് എന്ന് തുടങ്ങി പൊട്ടി തെറിക്കുന്നു. മുന്നോട്ടു നീങ്ങിയ മെഗാ സ്റ്റാര്‍ ഒരു നിമിഷം നിന്നു. മാനേജര്‍ ശകാരിച്ചുകൊണ്ടിരുന്ന ആളുടെ നേരെ തിരിഞ്ഞു, അയാളുടെ സമീപത്തേക്കു നടന്നു ..ഫോര്‍ട്ട് കൊച്ചി തന്നെ നിശബ്ദമായ ഒരു നിമിഷമായിരുന്നു അത്. മെഗാ സ്റ്റാര്‍ എന്തെങ്കിലും ചോദിക്കും മുമ്പ് തന്നെ ആ മനുഷ്യന്‍ പറഞ്ഞു ‘അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തത് തെറ്റാണെന്നു അറിയാം , ഇപ്പൊ തന്നെ ഡിലീറ് ചെയ്‌തോളാം’. ‘താങ്കള്‍ പറഞ്ഞത് ശരിതന്നെ, എല്ലാത്തിനും ഒരു സാമാന്യ മര്യാദ ഉള്ളതും നല്ലതാ … ആ മൊബൈല്‍ ഇങ്ങു തരൂ …’ മെഗാ സ്റ്റാര്‍ പറയേണ്ട താമസം അയാള്‍ മൊബൈല്‍ കൈമാറി. അയാളുടെ ഗ്യാലറിയെ ചിത്രങ്ങള്‍ തുറന്നു നോക്കി… ഒരു ഫോട്ടോയിലും ആരുടെയും മുഴുവന്‍ ചിത്രമില്ല. (അയാള്‍ക്ക് അത്രെയേ സാധിക്കുമായിരുന്നുള്ളൂ). അപ്പോഴേക്കും മാനേജരുടെ ക്ഷോഭം കൂടുതല്‍ ഉച്ചത്തിലായി. മമ്മൂക്കയുടെ നോട്ടം ആ വഴിക്കു നീണ്ടോ എന്നൊരു സംശയം, അയാള്‍ നിശബ്ദനായി.
ആ മൊബൈല്‍ കയ്യില്‍ വാങ്ങി, ആ മനുഷ്യനെ തന്നോട് ചേര്‍ത്ത് നിര്‍ത്തി, അയാളുടെ മൊബൈലില്‍ സെല്‍ഫി എടുത്തുകൊടുക്കുന്ന സാക്ഷാല്‍ മെഗാ സ്റ്റാറിനെയാണ് പിന്നെ ഫോര്‍ട്ട് കൊച്ചി കാണുന്നത്. അതിനിടയില്‍ പേര് സമീര്‍ എന്നാണന്നും ജോലി ഓട്ടോറിക്ഷ ഓടിക്കലാണെന്നും മമ്മൂക്കയുടെ ചോദ്യങ്ങള്‍ക്കുത്തരമായി പറയുന്നത് കേള്‍ക്കാമായിരുന്നു. ഈ സമയം കൊണ്ട് അഞ്ചോളം സെല്‍ഫിയാണ് മമ്മൂക്ക തന്നെ സമീറിന് സമ്മാനിച്ചത്. യാത്ര ചോദിച്ചു നടന്നു നീങ്ങുന്ന മെഗാ സ്റ്റാറിനെ നോക്കി നിറകണ്ണുകളോടെ നിന്ന സമീര്‍ പറഞ്ഞു, ‘നിങ്ങള്‍ ഒരു അത്ഭുതമാണ് മമ്മൂക്ക’. സമീറിന്റെ സെല്‍ഫി വാട്‌സാപ്പിലൂടെയും മറ്റും കൈപ്പറ്റാന്‍ തൊട്ടടുത്ത ഓട്ടോസ്റ്റാന്‍ഡില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും കാണികളും മത്സരിക്കുന്ന ഒരു രംഗമായിരുന്നു അവിടെ ..ആ സമയം ആ വഴി കടന്നുപോയ ഒരു സ്‌കൂട്ടറുകാരന്‍ അപ്പോഴും പറഞ്ഞു….’എന്തൊരു ജാഡയാ ഈ മനുഷ്യന് ‘ഒരു ദൃക്സാക്ഷി.