മദ്യലഹരിയില്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളും സാഹസികതകളും മിക്കവര്‍ക്കും ഹരമാണ് എന്നാല്‍ അത്തരത്തില്‍ സാഹസികത കാണിച്ച രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ പ്രശസ്ത വിനോദ സഞ്ചാര മേഖലയായ അംബോളി ഘാട്ടില്‍ 2,000 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് വീണാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. കോലാപൂരിലെ കോഴി ഫാമിലെ ജീവനക്കാരാരായിരുന്ന ഗറഡി(26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് മരിച്ചത്.
ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവിടെ. കൂട്ടത്തിലുണ്ടായിരുന്നവര്‍ സ്ഥലത്തു നിന്നും മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇവര്‍ അതിനു തയ്യാറാകാതിരിക്കുകയായിരുന്നു. മാത്രമല്ല കൊക്കയുടെ സമീപം സ്ഥാപിച്ചിരിക്കുന്ന വേലിയില്‍ കയറിയിരിക്കുകയും അതിനു മറുവശത്തേക്കിറങ്ങുകയും ചെയ്യ്തു.
കൂട്ടത്തിലുണ്ടായിരുന്നവര്‍ ഇവരെ വിലക്കുമ്പോള്‍ രണ്ടുപേരും ഉച്ചത്തില്‍ ചിരിക്കുകയായിരുന്നു. കൈവരിയില്‍ പിടിച്ച് സാഹസികമായി ഇരുവരും നില്‍ക്കുമ്പോള്‍ ഇവരിലൊരാളുടെ കാല് തെന്നി, ബാലന്‍സിനു വേണ്ടി ഇയാള്‍ കൂടെയുള്ളയാളുടെ കൈയ്യില്‍ പിടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും കൊക്കയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇവരുടെ ശരീരം കണ്ടെത്താനായിട്ടില്ല. ഇരുവരും താഴേക്കു പതിക്കുന്ന ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്നയൊരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യ്തതിനെ തുടര്‍ന്ന് വൈറലാകുകയാണ്.