ഇനിയൊരിക്കലും കാണില്ലെന്നു കരുതി അകന്ന തങ്ങളുടെ സഹോദരൻ ഹാനി വീണ്ടും കണ്മുന്പിൽ വന്നു നിന്നപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ ഷമീറ ആദ്യം പകച്ചു നിന്നു പോയി. പിന്നെ നിറകണ്ണുകളോടെ അവനെ ആലിംഗനം ചെയ്തു. നീണ്ട പതിനേഴു വർഷങ്ങൾക്കു ശേഷം ആ സഹോദരങ്ങൾ ആദ്യമായി തമ്മിൽ കാണുകയായിരുന്നു.
പതിനേഴു വർഷങ്ങൾക്കു മുന്പ് കോഴിക്കാട്ടു നിന്നും ഭാര്യയേയും മൂന്നു പെണ്മക്കളെയും ഉപേക്ഷിച്ച് ഷമീറയുടെ അച്ഛൻ സുഡാനിലേക്ക് പോകുന്പോൾ ഇവരുടെ കുഞ്ഞ് സഹോദരനെയും ഒപ്പം കൊണ്ടു പോകുകയായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നമായിരുന്നു ഈ സഹോദരങ്ങൾ പിരിയേണ്ടി വന്നതിന്റെ കാരണം. വർഷങ്ങൾക്കിപ്പുറം സഹോദരങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിന് നിമിത്തമായത് സോഷ്യൽ മീഡിയയും. വായിക്കുന്നവരുടെ കണ്ണുനനയിക്കും ഈ അപൂർവസഹോദരങ്ങളുടെ കഥ.
പഠനാവശ്യത്തിനായാണ് സുഡാൻ സ്വദേശിയായ ഇവരുടെ അച്ഛൻ കോഴിക്കോട്ടേക്ക് എത്തിയത്. പിന്നീട് ഇവരുടെ അമ്മയെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഹാനിയും ഷമീറയുമുൾപ്പടെ നാലുമക്കളും ഇവർക്കു ജനിച്ചു. പക്ഷെ ഈ ബന്ധം അവസാനിക്കാൻ അധിക താമസമുണ്ടായില്ല. കാരണം ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇവരുടെ അച്ഛൻ സുഡാനിലേക്ക് മടങ്ങി പോകാൻ തീരുമാനിച്ചു. പോകുന്പോൾ അദ്ദേഹം കുഞ്ഞ് ഹാനിയേയും കൂടെകൂട്ടി. തങ്ങളുടെ ഏക സഹോദരനെ ഹൃദയം മുറിയുന്ന വേദനയോടെ യാത്രയാക്കാനെ ഇവർക്കു കഴിയുമായിരുന്നുള്ളു.
സുഡാനിലെത്തിയതിനു ശേഷം ഹാനിയുടെ അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. രണ്ടാനമ്മയും അച്ഛനും ചേർന്ന് എന്നും ഉപദ്രവിക്കുമായിരുന്നു. അന്നൊക്കെ അമ്മയേയും സഹോദരങ്ങളെയും കാണണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അച്ഛൻ അതിനൊന്നും സമ്മതിച്ചില്ലെന്ന് ഹാനി പറയുന്നു.
വർഷങ്ങൾക്കിപ്പുറം അമ്മയെയും സഹോദരങ്ങളെയും കാണാനുള്ള ഹാനിയുടെ ആഗ്രഹത്തിന് സഹായകമായിമാറിയത് സോഷ്യൽ മീഡിയായിരുന്നു. തന്റെ ജനന സർട്ടിഫിക്കറ്റും അമ്മയുടെയും അച്ഛന്റെയും വിവാഹ സാക്ഷ്യപത്രവുമൊക്കെ അച്ഛനറിയാതെ വീട്ടിൽ നിന്നുമെടുത്ത ഹാനി സുഡാനിലുള്ള ചില മലയാളികളെ കാണിക്കുകയായിരുന്നു.
ആദ്യമൊക്കെ നിരാശയായിരുന്നു ഫലം പിന്നീട് മണ്ണാർക്കാട്ട് സ്വദേശിയായ ഫാറൂഖ് സംഭവമറിഞ്ഞ് ഹാനിയെ സഹായിക്കാനായി ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. തന്റെ അമ്മയേയും സഹോദരങ്ങളെയും ഹാനി തേടുന്ന വാർത്ത അബുദാബിയിലുള്ള ഷമീറയുടെ ബന്ധു റഹീം അറിയുകയും കോഴിക്കോട്ടുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. ദുബായിൽ കടയിൽ ജീവനക്കാരിയായ ഷമീറ സംഭവമറിഞ്ഞതോടു കൂടി എങ്ങനെയും തന്റെ കൂടപ്പിറപ്പിനെ അടുക്കലേക്കെത്തിക്കാനുള്ള ശ്രമമായിരുന്നു.
ഹാനിയെ വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിക്കുന്നതിനുള്ള ശ്രമമായിരുന്നു പിന്നീട്. അമ്മയുടെയും സഹോദരങ്ങളുടെയും സ്വർണം പണയം വെച്ചാണ് ഷമിറ ഇതിനുള്ള പണം കണ്ടെത്തിയത്. നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ പൊന്നുമോനെ തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നു ഹാനിയുടെ ഉമ്മയും. വർഷങ്ങൾക്കിപ്പുറം അമ്മയുടെ ശബ്ദം ഫോണിൽ കേട്ടെങ്കിലും മലയാളം അറിയത്തില്ലാത്ത ഹാനി നിശബ്ദതയോടെ വികാരഭരിതനായി ഇതു കേട്ടു നിന്നതേയുള്ളു. മാത്രമല്ല ഇരുവരും പൊട്ടിക്കരയുകയും ചെയ്യ്തു. ഇപ്പോൾ ദുബായിൽ തന്റെ സഹോദരിക്കൊപ്പമുള്ള ഹാനി ബാക്കി സഹോദരങ്ങളെയും അമ്മയെയും കാണാനുള്ള തിടുക്കത്തിലാണ്. മാത്രമല്ല വർഷങ്ങൾക്ക് ശേഷം തന്റെ പൊന്നോമന പുത്രനെ കാണാനുമുള്ള വെന്പലിലുമാണ് ഇവരുടെ അമ്മയും.