മാഡ്രിഡ്: പണം മോഹിച്ചല്ല താൻ ബാഴ്സലോണ വിട്ടതെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. പണം മോഹിച്ചാണ് പിഎസ്ജിയിലേക്ക് മാറിയതെന്നാണ് ആളുകൾ കരുതുന്നത്. ഇത് തന്നെ വേദനിപ്പിക്കുന്നതായും നെയ്മർ പറഞ്ഞു. കൈമാറ്റക്കരാറുകളിലെ ലോക റിക്കാർഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മർ ബാഴ്സ വിട്ടത്. പിഎസ്ജിയിൽനിന്ന് ഒരു വർഷം നെയ്മർക്ക് 45 ദശലക്ഷം യൂറോ പ്രതിഫലമായി ലഭിക്കും.
ശനിയാഴ്ച നടക്കുന്ന ആദ്യ ലീഗ് മത്സരത്തിന് നെയ്മർ തയാറെടുത്തു കഴിഞ്ഞതായി പിഎസ്ജി ചെയർമാൻ നാസർ അൽ ഖലൈഫി പറഞ്ഞു. നെയ്മർക്ക് മുടക്കിയ തുക ക്ലബിന് ഒരു ഭാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ക്ലബിൽനിന്നും നെയ്മർക്ക് ഇതിലും കൂടുതൽ തുക ലഭിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ബാഴ്സയില്‍നിന്ന് പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയായിരുന്നു. പിഎസ്ജിയിൽനിന്ന് കൈമാറ്റത്തുക ബാഴ്സ നേരിട്ടുവാങ്ങിയാണ് നടപടി പൂർത്തിയാക്കിയത്. നേരത്തെ ലാ ലിഗ അധികൃതർ പണം കൈമാറ്റം സംബന്ധിച്ച് ഉടക്കിട്ടിരുന്നു. സ്പാനിഷ് ലീഗ് അധികൃതരെ മറികടന്നാണ് പിഎസ്ജിയും ബാഴ്സയും പണകൈമാറ്റം നടത്തി അവസാനവട്ട നടപടികൾ പൂർത്തിയാക്കിയത്. ഇതോടെ ബാഴ്സ നെയ്മറുമായുള്ള കരാർ റദ്ദാക്കി. കൈമാറ്റത്തുക മുഴുവൻ സ്വീകരിച്ച ശേഷമാണ് നെയ്മറുടെ കരാർ റദ്ദാക്കിയത്.