ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കൽ വിലയിരുത്താനും പരാതികൾ പരിശോധിക്കാനും ജിഎസ്ടി കൗൺസിൽ ഇന്നു ചേരും. ഇലക്ട്രോണിക് (ഇ) വേ ബിൽ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകും. ഗുജറാത്ത് അടക്കം വസ്ത്രനിർമാണ മേഖലകളിലെല്ലാം തുണിക്ക് അഞ്ചു ശതമാനം നികുതി ചുമത്തിയതിൽ എതിർപ്പുണ്ട്. ഇക്കാര്യത്തിൽ ഗവൺമെന്റ് നിലപാട് മാറ്റുമോ എന്നും ഇന്ന് അറിയാം.
വർക് കോൺട്രാക്ടുകൾക്ക് 18 ശതമാനം നികുതി ചുമത്തിയത് 12 ശതമാനമാക്കാൻ തയാറാകുമെന്നും സൂചനയുണ്ട്.
ജിഎസ്ടിയിലെ നിർണായകഘടകമായ ഇ-വേ ബിൽ സംബന്ധിച്ച ചട്ടങ്ങളും യോഗത്തിൽ പരിഗണിക്കും.ജിഎസ്ടി നെറ്റ്വർക്ക് ആണ് പുതിയ നികുതിസംവിധാനത്തിന്റെ എല്ലാ ഐടി കാര്യങ്ങളും നോക്കുന്നത്. പക്ഷേ, ഇ-വേ ബിൽ കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററി(എൻഐസി)നെ ഏല്പിക്കാനാണ് ആലോചന. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ അംഗങ്ങളും കേന്ദ്രധനമന്ത്രി അധ്യക്ഷനുമായ ജിഎസ്ടി കൗൺസിൽ അക്കാര്യവും ഇന്നു തീരുമാനിക്കും.
അന്പതിനായിരം രൂപയിലധികം വിലയുള്ള ചരക്കുകൾ കടത്തുന്പോൾ ഇ-വേ ബിൽ നിർബന്ധമാണ്. ഈ പരിധി കൂട്ടാനും ആലോചനയുണ്ട്. ഒരു ലക്ഷം രൂപയായി പരിധി കൂട്ടണമെന്നാണ് ട്രക്ക് ഉടമകൾ ആവശ്യപ്പെടുന്നത്.
ഇ-വേബിൽ വന്നാൽ സംസ്ഥാന അതിർത്തികളിൽ നിർത്താതെ ചരക്കുലോറികൾക്കു പോകാം. ഇ-ബേ ബിൽ തയാറാകുന്പോൾത്തന്നെ എല്ലാ നികുതി ഓഫീസുകളിലും അതിലെ ചരക്ക് എന്തെന്നും എത്രയെന്നും വില എത്രയെന്നും അറിയാം. എങ്കിലും വേ-ബിൽ പരിശോധിക്കാൻ നികുതി ഉദ്യോഗസ്ഥർക്കു വാഹനം തടഞ്ഞുനിർത്താം. ഈ വ്യവസ്ഥയെപ്പറ്റി പരാതികൾ ലഭിച്ചിട്ടുണ്ട്.
ഈ അധികാരം ചരക്കുനീക്കം തടസപ്പെടുത്താനും വൈകിക്കാനും ഉപയോഗിക്കുമെന്ന ആശങ്കയും ഉണ്ട്. കൊറിയർ ഏജൻസികളും മറ്റുമാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടിലാവുക. അതിനാൽ ഇ-വേബിൽ ചട്ടങ്ങളിൽ മാറ്റം വേണമെന്ന് അവർ വാദിക്കുന്നു. ഒക്ടോബറോടെയെ ഇ-വേ ബിൽ നടപ്പാകൂ. അതുവരെ നിലവിലുണ്ടായിരുന്ന വേ ബില്ലുകൾ ഉപയോഗിക്കാം.
ജിഎസ്ടിയുടെ കോംപോസിഷൻ സ്കീമിനു വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. ഒരുലക്ഷത്തിൽപരം പേരേ അതിൽ ചേർന്നിട്ടുള്ളൂ. 75 ലക്ഷം രൂപ വരെ വിറ്റുവരവ് ഉള്ളവർക്കാണു കോംപോസിഷൻ സ്കീം. ഇതു കൂടുതൽ ആകർഷകമാക്കാനുള്ള വഴി കൗൺസിൽ ചിന്തിക്കും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല, ജിഎസ്ടി പിരിക്കാൻ പാടില്ല എന്നീ വ്യവസ്ഥകളാണ് കോംപോസിഷൻ സ്കീമിൽ പെടുന്നവരെ അസ്വസ്ഥരാക്കുന്നത്.
തുണിക്കു നികുതി ഇല്ലെങ്കിൽ വസ്ത്രങ്ങളും റെഡിമെയ്ഡുകളും ഉണ്ടാക്കുന്നവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല എന്നു പറഞ്ഞാണു തുണിക്ക് അഞ്ചു ശതമാനം ജിഎസ്ടി ചുമത്തിയത്. ഇതു ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ തുണി-വസ്ത്ര നിർമാതാക്കളെയും വ്യാപാരികളെയും സമരപാതയിലേക്കു നയിച്ചു.
കർഷകർക്കു ബയോഫെർട്ടിലൈസർ, ബയോപെസ്റ്റിസൈഡ് തുടങ്ങിയവയുടെ നികുതി 12 ശതമാനമായതിൽ എതിർപ്പുണ്ട്. രാസവളത്തിന് അഞ്ചു ശതമാനമേയൂള്ളൂ. ബ്രാൻഡ് ചെയ്ത ജൈവവളത്തിനും അഞ്ചുശതമാനമാണ്. ഇതിലെ അപാകത മാറ്റണമെന്നു കർഷകസംഘടനകൾ ആവശ്യപ്പെടുന്നു.
മത്സ്യബന്ധന സാമഗ്രികളും ഉയർന്ന നികുതി പുനരാലോചിക്കാനും സമ്മർദമുണ്ട്. ഹൗസ്ബോട്ടുകളുടെ 28 ശതമാനം നികുതി കുറയ്ക്കണമെന്ന ആവശ്യത്തിലും തീരുമാനം ഉണ്ടായേക്കും.തയ്യൽ മെഷീൻ, കംപ്യൂട്ടർ പ്രിന്റർ, അച്ചടി തുടങ്ങിയവയുടെ നികുതി സംബന്ധിച്ച ആക്ഷേപങ്ങളും കൗൺസിൽ പരിഗണിക്കും.ജിഎസ്ടിയിൽ നികുതിയിളവ് ലഭിച്ച ഇനങ്ങളിൽ വില കുറയ്ക്കാതെ അമിതലാഭമെടുക്കുന്നതു തടയാനുള്ള നിയമത്തിനും കൗൺസിൽ രൂപം നല്കും.