തൃശൂർ: വീടുകളിൽ വിശേഷാവസരങ്ങളിൽ മദ്യസൽക്കാരം നടത്തുന്നതിനു താത്കാലിക ബാർ ലൈസൻസ് വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാരാണു മേൽക്കോടതിയെ സമീപിക്കേണ്ടതെന്നു സുപ്രീംകോടതി.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഇങ്ങനെ നിരീക്ഷിച്ചത്. വീടുകളിലെ മദ്യസൽക്കാരം നിയന്ത്രിക്കുന്നതു സംബന്ധിച്ചു നയപരമായ നിലപാട് എടുക്കേണ്ടതു ഹർജിക്കാരനായ വ്യക്തിയല്ലെന്നും സർക്കാരാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റീസുമാരായ ദീപക് മിശ്ര, എ.എം. ഹാൻമിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിശേഷാവസരങ്ങളിൽ വീടുകളിലും മറ്റും മദ്യസൽക്കാരത്തിന് എക്സൈസ് താത്കാലിക ലൈസൻസ്ഫീസ് ഈടാക്കി അനുവദിച്ചിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണു വീട്ടിൽ അതിഥികൾക്കു മദ്യം വിളമ്പുന്നതിനു താത്കാലിക ലൈസൻസ് ഫീസിന്റെ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടത്.