മാള: നിർമിക്കുന്നതിനു കാണിച്ച ആവേശം സംരക്ഷിക്കുന്നതിൽ ഇല്ലാതായോടെ മാള ടൗണിനു സമീപമുള്ള കുളവും രാജീവ് ഗാന്ധി സ്ക്വയറും നാശത്തിന്റെ വക്കിൽ. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാള കുളത്തിന്റെ ചുറ്റിലുമുള്ള നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളുകളിൽ തിരക്കിട്ട് നടത്തുകയായിരുന്നു. കുളത്തിന്റെ വശങ്ങൾ കരിങ്ങൽ ഭിത്തി കെട്ടി സംരക്ഷിക്കുകയും അതിനു ചുറ്റിലും കൈവരികൾ പിടിപ്പിച്ചിരുന്നു.
മൂന്നുവശവും റോഡ് കടുന്നുപോകുന്ന ഇവിടെ ടൈലുകൾ വിരിക്കുകയും പുരാതന കാലത്തെ അത്താണിയും വിളിക്കുകാലുകളും ശിൽപങ്ങളും ഉൾപ്പടെ സ്ഥാപിച്ച് മനോഹരമാക്കിയിരുന്നു. ഇവിടെ കാറ്റുകൊള്ളാനെത്തുന്നവർക്ക് കുളത്തിനു ചുറ്റും നടക്കുന്നതിനും തൊട്ടുതന്നെയുള്ളമരങ്ങളുടെ തണലിൽ വിശ്രമിക്കുന്നിതനു സൗകര്യമൊരുക്കി. വളരെ കുറച്ചു ദിസങ്ങൾക്കൊണ്ടാണ് അന്ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
എന്നാൽ ഗ്രാമപഞ്ചായത്തിൽ ഭരണമാറ്റം വന്നതോടെ നിലവിൽ കുളത്തിന്റെയും രാജീവ് ഗാന്ധി സ്ക്വയറിന്റെയും ശനിദശ ആരംഭിച്ചു. ഇപ്പോൾ ഇവിടം പുല്ലുകൾ വളർന്ന് കാടുകയറിയ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കുളത്തിനു പടിഞ്ഞാറു ഭാഗത്ത് എത്തിയ കുടുംബത്തിലെ കുട്ടികൾ പാന്പിനെ കണ്ട് ഭയന്ന സംഭവുമുണ്ടായി.
കുളത്തിന്റെ പാർശ്വഭിത്തികളിൽ മരങ്ങൾ വേരുപിടിച്ച് വളർന്നുവലുതായി. ഇവ വേണ്ടരീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഇവയുടെ വേരുകൾ കരിങ്കൽ ഭിത്തി തകർക്കാൻ സാധ്യത ഏറെയാണ്. സമീപത്തുള്ള മരങ്ങളിൽ നിന്നുള്ള ഇലകളും മറ്റു ചപ്പുചവറുകളും കുളത്തിലേക്ക വീണ് ചീഞ്ഞളിയുന്ന അവസ്ഥയാണ്. ഫലപ്രദമായ ജല ആഗമന നിർഗമന വഴികൾ ഇല്ലാത്തത് കുളത്തിനു ദോഷമാണ്.
സ്ക്വയറിലുള്ള മരത്തിൽ ആണികൾ തറച്ച് പരസ്യ ബോർഡുകൾ തൂക്കിയിട്ടത് മരങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. കൂടാതെ കുളത്തിനു ചുറ്റും കാഴ്ച മറയുന്ന വിധം പരസ്യബോർഡുകൾ സ്ഥാനം പിടിച്ചതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.ഇവിടെയുള്ള മരങ്ങൾ വേണ്ടവിധം സംരക്ഷിച്ച് പുല്ലുകൾ വെട്ടിയൊതുക്കി നടപ്പാതകൾ സംരക്ഷിക്കേണ്ടതുണ്ട്.
കാഴ്ച മറക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്ത് ഇവിടെയെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടടുത്തണം. രാജീവ് ഗാന്ധി സ്ക്വയറിൽ ഇരിക്കുന്നതിനായി ചാരുബഞ്ചുകൾ സ്ഥാപിക്കുകയും കുളം വൃത്തിയാക്കി സംരക്ഷിക്കേണ്ടുമുണ്ട്. അല്ലാത്തപക്ഷം ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചതെല്ലാം വൈകാതെ നാശമാകുന്ന സ്ഥിതിയാണ്.ഞു