ചാവക്കാട്: മരങ്ങളില്ലാതെ മനുഷ്യരില്ലെന്ന തിരിച്ചറിവിൽ പുന്ന മൊഹിയുദീൻ ജമാഅത്ത് പള്ളിയുടെ നൂറാം വാർഷികത്തിന് തുടക്കം. പള്ളി പരിസരത്തും ഖബറസ്ഥാനിലും നൂറു തേക്കിൻതൈകൾ നട്ടായിരുന്നു നൂറാംവാർഷികത്തിനു തുടക്കമിട്ടത്.
ജുമാനമസ്ക്കാരത്തിന് ശേഷം പള്ളിക്ക് പുറത്തേക്ക് വന്ന വിശ്വാസികൾ മഹല്ല് ഖത്തീബ് അബ്ദുസ്സലാം സഖാഫിയുടെ നേതൃത്വത്തിൽ നടന്ന പ്രാർഥനക്ക് ശേഷമാണ് തേക്കിൻതൈകൾ നട്ടത്.പ്രാർഥനനിരതമായ അന്തരീക്ഷത്തിനൊടുവിൽ 100 വൃക്ഷതൈകൾ പള്ളിപരിസരത്ത് നട്ടു.
അടുത്തിടെ പള്ളിപരിസരത്ത് ഉണ്ടായിരുന്ന വലിയ തേക്കുമരം മുറിച്ചാണ് പള്ളിയുടെ മരപ്പണികൾ നടത്തിയത്.ഇതാണ് തേക്കിൻതൈകൾ തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്ന് മഹല്ല് ഭാരവാഹികളായ വി.പി.അബ്ദുൾസലീം,വി.കെ.ബി.അഷ്റഫ്, എന്നിവർ പറഞ്ഞു.
സി.സലീം, കെ.അബു, പള്ളി രക്ഷാധികാരികളായ പി.കെ.അബൂബക്കർ ഹാജി,ആർ.എം.കുഞ്ഞുമോൻ എന്നിവർ വൃക്ഷതൈകൾ നടാൻ നേതൃത്വം നൽകി.പള്ളിക്ക് സ്ഥലം ഏറ്റെടുക്കൽ,ചുറ്റുമതിൽ കെട്ടൽ തുടങ്ങീ വിവിധ പദ്ധതികളാണ് നൂറാംവാർഷികത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതതെന്ന് ഭാരവാഹികൾ പറഞ്ഞു.