കൊല്ലം: പിരിവ് നൽകാത്തതിനു വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് സസ്പെൻഷൻ. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെയാണ് അന്വേഷണ വിധേയമായി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്.
കൊല്ലം ചവറയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത്. 5000 രൂപയാണ് ബിജെപി നേതാവ് വ്യാപാരിയോട് പിരിവ് ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്നും 3000 രൂപ നൽകാമെന്നും വ്യാപാരി അറിയിച്ചു. ഇതിൽ കുപിതനായ ബിജെപി നേതാവ് വ്യാപാരിക്കെതിരേ ഭീഷണി മുഴക്കുകയായിരുന്നു. മുഴുവൻ പണം നൽകില്ലെന്നു പറഞ്ഞ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും വ്യാപാരിയുടെ പരാതിയിലുണ്ട്.
നേതാവിന്റെ ഭീഷണി വാർത്തയായതോടെ, പിരിവ് പാർട്ടിയുടെ അറിവോടെയല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.