കൊണ്ടോട്ടി: കരിപ്പൂരിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡിംഗിനിടെ റണ്‍വേയിൽ നിന്നു തെന്നിയ സംഭവത്തിൽ പൈലറ്റിനോടു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കൂടുതൽ വിശദീകരണം തേടും. (ഡിജിസിഎ) സംഭവത്തെക്കുറിച്ചു എയർപോർട്ട് അഥോറിറ്റി പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടിനു ചെന്നൈയിൽ നിന്നുളള സ്പൈസ് ജെറ്റ് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ റണ്‍വേയിൽ നിന്ന് വശത്തേക്ക് തെന്നിമാറി വൻദുരന്തമൊഴിവായത്.
റണ്‍വേയുടെ മധ്യഭാഗത്തായി ഇറങ്ങേണ്ട വിമാനം വലതുവശത്തേക്കു തെന്നി മാറിയതാണ് അപകടത്തിനു കാരണമെന്നാണ് എയർപോർട്ട് അഥോറിറ്റി നൽകിയ പ്രാഥമിക റിപ്പോർട്ട്. ഇതിനെ ചുവടു പിടിച്ചാണ് ഡിജിസിഎ സ്പൈസ് ജെറ്റ് പൈലറ്റിനോടു വിശദീകരണം തേടുക. വൈമാനികന്റെ അശ്രദ്ധയാണെങ്കിൽ നടപടിയുണ്ടാകും. എന്നാൽ കനത്ത മഴയെത്തുടർന്നു പ്രതികൂല കാലാവസ്ഥയിലാണ് വിമാനമിറങ്ങിയത്. ഈ സമയത്ത് വൈമാനികനു കാഴ്ച മറഞ്ഞിട്ടുണ്ടോയെന്നും അന്വേഷിക്കും.
വെളിച്ചക്കുറവാണ് കാരണമെന്നാണ് പൈലറ്റ് ഇന്നലെ മൊഴി നൽകിയിരിക്കുന്നത്. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം ആവശ്യമായിരിക്കുകയാണ്. ഇന്നലെ മഴയുണ്ടായിരുന്നപ്പോൾ റണ്‍വേയിലെ കാറ്റിന്റെ ഗതിയെക്കുറിച്ചും പരിശോധിക്കേണ്ടതുണ്ട്. അതേസമയം വിമാനം വൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് വൈമാനികന്റെ അവസരോചിത ഇടപെടലാണ്.
എയർട്രാഫിക് കണ്ട്രോൾ വിഭാഗം വിമാനത്തിനു ലാൻഡിംഗ് അനുമതി നൽകിയത് സുരക്ഷിത സമയത്തു തന്നെയാണെന്നാണ് എയർപോർട്ട് അഥോറിറ്റിയുടെ കണ്ടെത്തൽ. ഈസാഹചര്യത്തിൽ വിമാനം റണ്‍വേയുടെ മധ്യത്തിലിറങ്ങേണ്ടതിനു പകരം വശങ്ങളിലെത്തിയത് ഏങ്ങനെയെന്നു വൈമാനികനു വിശദീകരിക്കേണ്ടിവരും. സംഭവത്തിൽ എയർപോർട്ട് അഥോറിറ്റിക്കു കാൽലക്ഷം രൂപയുടെ നഷ്ടം ഇതുമൂലം ഉണ്ടായിട്ടുണ്ട്. അപകടത്തിൽപ്പെട്ട വിമാനം സ്പൈസ് ജെറ്റ് ഉന്നത അധികാരികളും ഡിജിസിഎ സംഘവും ഇന്നു പരിശോധിക്കും.
റണ്‍വേയുടെ വശങ്ങളിലെ മണ്ണിൽ വിമാനത്തിന്റെ ഒരു ചക്രം താഴ്ന്നിറങ്ങുന്നതിനു മുന്‍പു തന്നെ വിമാനം റണ്‍വേയിലേക്കു കൊണ്ടുവരാനായതാണ് ദുരന്തമൊഴിവായതെന്നാണ് വിലയിരുത്തൽ. അപകടത്തിൽ റണ്‍വേയുടെ അതിർത്തിയിൽ സ്ഥാപിച്ച അഞ്ചു ലൈറ്റുകളും തകർന്നിട്ടുണ്ട്. വിമാനത്തിന്റെ ചക്രവും തകരാറിലായി. വൈമാനികനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുളള പ്രാഥമിക വിവരങ്ങളും എയർപോർട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിനു കൈമാറിയ റിപ്പോർട്ടിലുണ്ട്. അതേസമയം നവീകരിച്ച റണ്‍വേയുടെ പ്രതലത്തിനു മിനുസം കൂടുന്നതു മഴക്കാലത്ത് അപകടങ്ങൾക്കു കാരണമാകുന്നതായി വിലയിരുത്തലുണ്ട്.
മിനുസം കൂടുതലുളളതിനാൽ മഴയത്ത് റണ്‍വേ നനയുന്പോഴും ഈർപ്പം നിലനിൽക്കുന്പോഴും വിമാനം ഇറങ്ങുന്പോൾ ചക്രങ്ങൾ തെന്നിപ്പോകാൻ സാധ്യയേറെയാണ്. കഴിഞ്ഞ ഏപ്രിലിൽ കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെ ചക്രങ്ങൾ തകർന്നു അപകടത്തിൽപെട്ടിരുന്നു. റണ്‍വേയുടെ വശങ്ങളിലെ മൂന്നു ലൈറ്റുകളാണ് അന്നു തകർന്നത്. ഈ വിമാനം രണ്ടാഴ്ചയാണ് വിമാനത്താവളത്തിൽ കിടന്നത്.
ഇതുമൂലം എയർ ഇന്ത്യക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് വന്നത്. റണ്‍വേ നവീകരണം കഴിഞ്ഞുളള പരിശോധനയിൽ വിദഗ്ധ സംഘവും വൈമാനികരും എയർട്രാഫിക് കണ്ട്രോൾ വിഭാഗവും മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിരുന്നു. റണ്‍വേ പ്രതലം മിനുസം കൂടുതലാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു ശേഷം റണ്‍വേയിൽ വിമാനങ്ങൾ തെന്നുന്ന രണ്ടാമത്തെ അപകടമാണ് ഇന്നലെ കരിപ്പൂരിലുണ്ടായത്.