ജോലി തേടി വിദ്യാർഥി നാസയ്ക്ക് അയച്ച കത്ത് വൈറലാകുന്നു. ജാക്ക് ഡേവിസ് എന്ന ഒമ്പതുവയസുകാരനാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുന്നത്. നാസയിലെ “പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസർ’ എന്ന തസ്തികയിലേക്ക് കത്തു മുഖേന ജോലിക്കായി അപേക്ഷിക്കുകയായിരുന്നു ജാക്ക്.
“പ്രിയപ്പെട്ട നാസ’ എന്ന് അഭിസംബോധന ചെയ്താണ് ജാക്ക് തന്റെ കത്ത് ആരംഭിക്കുന്നത്. “എനിക്ക് ഈ ജോലി ചെയ്യാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. മാത്രമല്ല എന്റെ സഹോദരി പറയുന്നത് ഞാൻ ഒരു അന്യഗ്രഹ ജീവിയാണെന്നുമാണ്. അതുകൊണ്ട് അന്യഗ്രഹ ജീവികളുടെ ആക്രമണത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കാൻ കഴിയും. മാത്രമല്ല മെൻ ഇൻ ബ്ലാക്ക് പോലുള്ളസിനിമകളിൽ കൂടി ഞാൻ അന്യഗ്രഹങ്ങൾ കണ്ടിട്ടുണ്ട്…’ എന്നിങ്ങനെയാണ് ജാക്കിന്റെ കത്ത്.
ജാക്കിന്റെ അച്ഛന്റെ സുഹൃത്താണ് ഈ കത്ത് നവമാധ്യമങ്ങളുമായി പങ്കുവെച്ചത്. പിന്നീട് ഈ കത്ത് വൈറലാകുകയായിരുന്നു. നിരവധിയാളുകളാണ് ജാക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.